തിരുവനന്തപുരത്ത് ഗുണ്ടാവിളയാട്ടം; നടപടിയുമായി പോലീസ്

തിരുവനന്തപുരത്ത് ഗുണ്ടാവിളയാട്ടം; നടപടിയുമായി പോലീസ്
തിരുവനന്തപുരത്ത് ഗുണ്ടാവിളയാട്ടം; നടപടിയുമായി പോലീസ്

തിരുവനന്തപുരം: തലസ്ഥാനത്തെ ഗുണ്ടാവിളയാട്ടത്തിനെതിരെ നടപടിയുമായി പൊലീസ്. സംസ്ഥാന വ്യാപകമായി ഗുണ്ടകള്‍ക്കായി പൊലീസ് റെയ്ഡ് നടത്തും. ഗുണ്ടകളെയും പിടികിട്ടാപ്പുള്ളികളേയും പിടികൂടാനാണ് പരിശോധന നടത്തുന്നത്. കാപ്പ ചുമത്തി പ്രതിയെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. ‘ആഗ്’ ഡി-ഹണ്ട് പദ്ധതികളുടെ ഭാഗമായാണ് പരിശോധന നടത്തുക. തുടര്‍ച്ചയായുണ്ടായ ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തുന്നത്.

ഇന്നലെ രാത്രി എട്ടര മുതല്‍ ഏതാണ്ട് 12 മണിവരെ മദ്യപിച്ച് ലക്ക് കെട്ട അക്രമി സംഘം നടുറോഡില്‍ അഴിഞ്ഞാടുകയായിരുന്നു. വെള്ളറട അമ്പൂരിക്ക് സമീപം കണ്ണന്നൂരില്‍ ആയിരുന്നു സംഭവം. റോഡിലൂടെ കടന്നു പോകുന്നവരെ തടഞ്ഞുനിര്‍ത്തുകയും പണം ചോദിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതിനിടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കയ്യേറ്റവും നടത്തി. തടയാന്‍ ശ്രമിച്ച സമീപത്തെ പാസ്റ്റര്‍ അരുളിനെ വീടുകയറി സംഘം വെട്ടുകയും ചെയ്തു. വീടും പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും തല്ലിത്തകര്‍ത്തു

സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 17കാരനാണ് കസ്റ്റഡിയിലുള്ളത്. സംഘത്തിലെ മറ്റ് രണ്ടുപേര്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. അബിന്‍ റോയ്, ജിത്തു എന്നിവര്‍ക്കായാണ് പൊലീസ് തിരച്ചില്‍ നടത്തുന്നത്.
രണ്ടായിരത്തോളം പേരാണ് സംസ്ഥാനത്ത് ഗുണ്ടാ പട്ടികയില്‍ ഉള്ളത്. പൊലീസിന്റെ നിരീക്ഷണ പട്ടികയില്‍ ഉണ്ടെങ്കിലും ഗുണ്ടകളും കാപ്പ ചുമത്തപ്പെട്ടവരും ശിക്ഷ അനുഭവിച്ചവരും ഉള്‍പ്പെടെ സംസ്ഥാനത്ത് വിലസി നടക്കുന്നു.

ഗുണ്ടാ നേതാക്കളുടെ ആഘോഷ പാര്‍ട്ടികളും വ്യാപകമാണ്. കൊലപാതക കേസുകളിലെ പ്രതികള്‍ പുറത്തിറങ്ങിയ ശേഷം വീണ്ടും കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നു. ഗുണ്ടകളുടെയും പിടികിട്ടാപ്പുള്ളികളുടെയും പട്ടിക തയ്യാറാക്കി സംസ്ഥാന വ്യാപകമായി പൊലീസ് പരിശോധന ആരംഭിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഗുണ്ടകളെ പിടികൂടാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍ അത് പൂര്‍ണാര്‍ത്ഥത്തില്‍ നടപ്പായിരുന്നില്ല. നിര്‍ദ്ദേശം നില നില്‍ക്കേ തന്നെ ഗുണ്ടാ വിളയാട്ടം തുടരുന്ന സാഹചര്യത്തിലാണ് പൊലീസ് അടിയന്തര നടപടിയുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

Top