ഡല്‍ഹി: ഡല്‍ഹിയിലെ ട്രാന്‍സ്-യമുന മേഖലയിലെ ഷഹ്ദാര മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് ചാടിയ ഗുണ്ടാ നേതാവ് മരിച്ചു. വാഹന പരിശോധനക്കിടെ പോലീസില്‍ നിന്നും രക്ഷപ്പെടാനായി ഇയാള്‍ ഫ്‌ളൈ ഓവറിന് മുകളില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു. ഡല്‍ഹിയിലെ ജയിലില്‍ കഴിയുന്ന ഗുണ്ടാ സംഘവുമായി ബന്ധമുള്ള സോനു എന്നയാളാണ് മരണപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം.
ജയിലില്‍ കഴിയുന്ന ഗുണ്ടാ നേതാവ് ചേനു എന്ന് വിളിപ്പേരുള്ള ഇന്‍ഫാന്റെ സംഘത്തില്‍പ്പെട്ടയാളാണ് സോനുവെന്ന് പൊലീസ് പറഞ്ഞു. മഹീന്ദ്രയുടെ എസ് യുവി കാറായ ബൊലേറോയില്‍ സോനുവും സംഘവും സഞ്ചരിക്കുന്നതിനിടെ പൊലീസ് ഇവരെ പിന്തുടരുകയായിരുന്നു. ഷഹ്ദാര മേല്‍പ്പാലത്തില്‍വെച്ച് പൊലീസ് സംഘം ബൊലേറോയ്ക്ക് മുന്നില്‍ വട്ടം വെച്ച് സംഘത്തെ പിടികൂടി.
Also Read: നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് ഡ്രൈവർ മരിച്ചു
സോനുവിനെ കൂടാതെ നാല് പേര്‍ വാഹനത്തിലുണ്ടായിരുന്നു. പരിശോധനയ്ക്കിടെ സോനു പൊലീസിനെ വെട്ടിച്ച് ഫ്‌ളൈ ഓവറില്‍ നിന്നും താഴേക്ക് എടുത്തു ചാടുകയായിരുന്നു. താഴേക്ക് ചാടുന്നതിനിടെ സമീപത്തെ മരക്കൊമ്പില്‍ പിടികിട്ടിയെങ്കിലും കമ്പ് പൊട്ടി ഇയാള്‍ റോഡിലേക്ക് വിഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സോനുവിനെ ഉടനെ തന്നെ ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെ ങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ മരണപ്പെടുകയായിരുന്നു.
സോനുവിനെതിരെ ഡല്‍ഹിയില്‍ വിവിധ സ്റ്റേഷനുകളിലായി പത്തോളം ക്രിമിനല്‍ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതി സഞ്ചരിച്ച വാഹനത്തില്‍ നിന്നും വിദേശ നിര്‍മ്മിത റിവോള്‍വര്‍, രണ്ട് പിസ്റ്റളുകള്‍, മൂന്ന് നാടന്‍ തോക്കുകളും പൊലീസ് പിടികൂടി. വാഹനത്തിലുണ്ടായിരുന്ന അഫ്സര്‍, നദീം, ആബിദ്, ഷോയ്ബ് എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.