ഇടുക്കി: ദേവികുളം ഗ്യാപ്പ് റോഡിലും മാട്ടുപ്പട്ടിയിലും കാര്‍ യാത്രികരുടെ അഭ്യാസ പ്രകടനങ്ങള്‍ നടക്കുന്നതിനാല്‍ ഡ്രൈവര്‍മാര്‍ക്കെതിരേ കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. ശനിയാഴ്ച രാവിലെയാണ് ഗ്യാപ്പ് റോഡില്‍ യുവാക്കള്‍ കാറില്‍ അഭ്യാസം നടത്തിയത്. കാറോടിച്ചിരുന്ന തമിഴ്നാട് ശിവഗംഗ സ്വദേശി ജയകാന്തിനെതിരേ (22) മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. ഉദ്യോഗസ്ഥര്‍ ഇവരെ പിന്തുടര്‍ന്നാണ് പിടികൂടിയത്. കാര്‍ പിടിച്ചെടുത്ത് മൂന്നാര്‍ പോലീസിന് കൈമാറി. കാറില്‍ നാലുപേരാണ് ഉണ്ടായിരുന്നത്. അമിതവേഗത്തില്‍ ഓടുന്ന കാറില്‍, ശരീരം പുറത്തിട്ട് അപകടകരമായ രീതിയില്‍ മൂന്നുയുവാക്കളാണ് യാത്ര ചെയ്തിരുന്നത്. ഇവര്‍ക്ക് നോട്ടീസ് നല്‍കും.
ഗ്യാപ്പ് റോഡില്‍ ഇത് നാലാം തവണയാണ് കാറില്‍ അഭ്യാസം നടത്തുന്നത്. റോഡില്‍ അഭ്യാസം പതിവായതോടെ മോട്ടോര്‍ വാഹന വകുപ്പ് നിരീക്ഷണം ശക്തമാക്കിയിരുന്നു. അപകടകരമായ രീതിയില്‍ കാര്‍ ഓടിച്ച ബൈസണ്‍വാലി, കോഴിക്കോട്, പോണ്ടിച്ചേരി സ്വദേശികളുടെ ലൈസന്‍സുകള്‍ റദ്ദാക്കി. കാറില്‍ അപകടകരമായ രീതിയില്‍ യാത്രചെയ്തവര്‍ സാമൂഹികസേവനം നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മാട്ടുപ്പട്ടിയില്‍ അപകടകരമായ രീതിയില്‍ കാര്‍ ഓടിച്ച കണ്ണൂര്‍ സ്വദേശി അജ്മലിനെതിരേയും (35) മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം. കാറിന്റെ ചില്ലുകള്‍ താഴ്ത്തി രണ്ട് കുട്ടികളെ ഡോറിന് മുകളില്‍ ഇരുത്തിയാണ് തിരക്കേറിയ റോഡില്‍ കാറോടിച്ചത്.
കുട്ടികളുടെ തലയും ശരീരവും പുറത്തിട്ട് കാറില്‍ അതിവേഗത്തില്‍ യാത്ര ചെയ്യുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഇയാളെ വിളിച്ചുവരുത്തി കേസെടുത്തത്. കാര്‍ പിടിച്ചെടുത്ത് പോലീസിന് കൈമാറി. വാഹനങ്ങള്‍ക്കെതിരേ നടപടി എടുക്കുന്നതിന് അതത് ആര്‍.ടി.ഓഫീസുകള്‍ക്ക് നിര്‍ദേശം നല്‍കും.