ന്യൂഡൽഹി: ഗൗതം അദാനി രാജ്യം വിടുമോയെന്ന ചോദ്യമാണ് ഇപ്പോൾ ആഗോളതലത്തിൽ തന്നെ ചർച്ചയായിരിക്കുന്നത്. കഴിഞ്ഞ ദിവസം സുബ്രഹ്മണ്യൻ സ്വാമി എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ ചർച്ചകൾ ഉയർന്നത്. അദാനി സ്വിറ്റ്സർലൻഡിൽ വീടു നിർമിക്കുന്നതായും ഒരു സഹോദരനെ ദുബായിൽ പാർപ്പിച്ചിരിക്കുന്നതായും സുബ്രഹ്മണ്യൻ സ്വാമി കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
കുറിപ്പിന്റെ പൂർണ്ണരൂപം:
‘‘ഒരു പ്രവാസിയിൽനിന്ന് അറിഞ്ഞ വിവരമിങ്ങനെ: അദാനി സ്വിറ്റ്സർലൻഡിലാണ് വീടു പണിയുന്നത് – ഇന്ത്യയിലല്ല. എന്തുകൊണ്ട്? ഒരു സഹോദരനെ ദുബായിൽ പാർപ്പിച്ചിരിക്കുന്നു. ഇദ്ദേഹം പാക്ക് പൗരൻ ബാസർ ഷെയൂബുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. അങ്ങനെ പണം പതിയെ വിദേശത്തേക്കു മാറ്റുകയാണ്. ഇന്ത്യയെക്കുറിച്ച് അദാനിക്ക് യാതൊരു ചിന്തയുമില്ല. ട്രപ്പീസ് ആർട്ടിസ്റ്റ് ആണ് അദ്ദേഹം.’’ അദാനിയുടെ വ്യവസായ സാമ്രാജ്യത്തിനെതിരെ വൻ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് സ്വാമിയുടെ കുറിപ്പും ചർച്ചയാകുന്നത്.