കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ ഗൗതം ഗംഭീറിന് പകരക്കാരൻ വന്നു

ഇന്ത്യയുടെ പരിശീലകനായി നിയമിതനായതോട് കൂടിയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് മറ്റൊരാളെ തേടേണ്ടിവന്നത്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ ഗൗതം ഗംഭീറിന് പകരക്കാരൻ വന്നു
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ ഗൗതം ഗംഭീറിന് പകരക്കാരൻ വന്നു

കൊൽക്കത്ത: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്ററായി മുൻ വെസ്റ്റ് ഇൻഡീസ് താരം ഡ്വെയ്ൻ ബ്രാവോയെ നിയമിച്ചു. ഐപിഎൽ മെഗാലേലം നടക്കാനിരിക്കെയാണ് നിർണായക നീക്കം. മുൻ ചെന്നൈ സൂപ്പർ കിംഗ്‌സ് താരം കൂടിയായ ബ്രാവോ നിലവിൽ കരീബിയൻ പ്രീമിയർ ലീഗിൽ ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സിന്റെ താരമാണ്. കഴിഞ്ഞ സീസണിൽ ഗൗതം ഗംഭീറായിരുന്നു കൊൽക്കത്തയുടെ മെന്റർ. അദ്ദേഹം ഇന്ത്യയുടെ പരിശീലകനായി നിയമിതനായതോട് കൂടിയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് മറ്റൊരാളെ തേടേണ്ടിവന്നത്. ചെന്നൈ സൂപ്പർ കിംഗ്‌സിന് പുറമെ മുംബൈ ഇന്ത്യൻസിന് വേണ്ടിയും കളിച്ചിട്ടുള്ള താരമാണ് ബ്രാവോ.

മെഗാലേലം മുന്നിൽ നിൽക്കെ വലിയ ഉത്തരവാദിത്തങ്ങളാണ് ബ്രാവോയ്ക്കുണ്ടാവുക. ഏതൊക്കെ താരങ്ങളെ നിലനിർത്തണം, ഒഴിവാക്കണം എന്നുള്ള കാര്യങ്ങളിലെല്ലാം അദ്ദേഹത്തിന് തീരുമാനമെടുക്കേണ്ടി വരും. അതേസമയം, കൊൽക്കത്ത രണ്ട് താരങ്ങളെ നിലനിർത്താൻ തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ട്. നായകൻ ശ്രേയസ് അയ്യർ, ഫിനിഷർ റിങ്കു സിംഗ് എന്നിവരൊയാണ് കൊൽക്കത്ത നിലനിർത്താൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, കഴിഞ്ഞ താരലേലത്തിൽ റെക്കോർഡ് തുകയ്ക്ക് ടീമിലെത്തിച്ച ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിനെ ഇത്രയും വലിയ തുകയ്ക്ക് നിലനിർത്തണോ എന്ന കാര്യത്തിൽ ടീം ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല.

Also Readഐപിഎൽ ലേലം: കൊൽക്കത്ത നിലനിർത്തുക 2 താരങ്ങളെ

ഒരു വിദേശതാരത്തെ മാത്രമെ നിലനിർത്താനാവു എങ്കിൽ സ്റ്റാർക്കിനെ നിലനിർത്തിയാൽ ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ എന്നിവരെ കൈവിടേണ്ടിവരുമെന്നതാണ് കൊൽക്കത്തയുടെ മുന്നിലെ പ്രതിസന്ധി. വർഷങ്ങളായി ടീമിനൊപ്പമുള്ള വിശ്വസ്ത താരം സുനിൽ നരെയ്‌നെ ടീം കൈവിടാൻ തയാറാവില്ലെന്നാണ് കരുതുന്നത്. ഫിൽ സോൾട്ടാണ് കൊൽക്കത്തക്ക് കൈവിടേണ്ടിവരുന്ന മറ്റൊരു താരം. വർഷങ്ങളായി ടീമിനൊപ്പമുള്ള ഓൾ റൗണ്ടർ വെങ്കടേഷ് അയ്യരെയും കൊൽക്കത്ത ലേലത്തിന് മുമ്പ് കൈവിട്ടേക്കുമെന്നാണ് കരുതുന്നത്.

Top