ഗൂഗിള്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ചാറ്റ് ബോട്ടായ ജെമിനി മാറ്റത്തിനൊരുങ്ങുന്നു. ആന്‍ഡ്രോയിഡില്‍ മ്യൂസിക് ആപ്പുകളില്‍ പാട്ട് പ്ലേ ചെയ്യാനായി വോയിസ് കമാന്‍ഡ് ആയി പ്രവര്‍ത്തിക്കാനുള്ള മാറ്റമാണ് ജെമിനിയില്‍ വരുത്തുന്നത്.ആന്‍ഡ്രോയിഡിനുള്ള ജെമിനി ആപ്പിലെ സെറ്റിങ്സ് ഓപ്ഷനില്‍ പുതിയ സംവിധാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഏത് ആപ്പില്‍ നിന്നാണ് പാട്ട് സെലക്ട് ചെയ്യേണ്ടത് എന്നതുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പുതിയ ഫീച്ചറിലുണ്ട്.
2023 ഡിസംബറിലാണ് ഗൂഗിള്‍ ജെമിനിയെ അവതരിപ്പിച്ചത്. ചാറ്റ്ജിപിടിയെ പിന്നിലാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ജെമിനിയെ ഇറക്കിയത്. അള്‍ട്രാ, പ്രോ, നാനോ എന്നിങ്ങനെ മൂന്ന് മോഡലുകളിലാണ് ജെമിനി എത്തിയത്.ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുന്നതിന് നേരത്തെ ഗൂഗിള്‍ ജെമിനിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ‘സുപ്രധാനവും ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടതുമായി വിഷയമായതിനാല്‍, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ജെമിനി പ്രതികരണം നല്‍കുന്നതില്‍ ഞങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആരംഭിച്ചിരിക്കുന്നു. ഇത്തരം ചോദ്യങ്ങള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ഉത്തരങ്ങള്‍ നല്‍കേണ്ടതിന്റെ ഉത്തരവാദിത്തം ഞങ്ങള്‍ക്കുണ്ട്” എന്നായിരുന്നു വിഷയത്തില്‍ ഗൂഗിളിന്റെ വിശദീകരണം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങളെക്കുറിച്ച് വിവാദപരമായ പ്രതികരണം നല്‍കിയതിന് ജെമിനിയെ കേന്ദ്രം വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗൂഗിള്‍ ജെമിനിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
ഈ വര്‍ഷം ആദ്യമാണ് ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് ജെമിനിയെ ഗൂഗിള്‍ ഉള്‍പ്പെടുത്തിയത്. ജെമിനി ചാറ്റ് ബോട്ടിന്റെ പുതിയ പതിപ്പിലോ ബീറ്റയിലോ ഈ ഓപ്ഷനുകള്‍ ലഭ്യമാണോ എന്നതില്‍ വ്യക്തതയില്ല. യൂട്യൂബ് മ്യൂസിക്, സ്പോട്ടിഫൈ തുടങ്ങിയ മ്യൂസിക് ആപ്പുകളില്‍ ജെമിനി ചാട്ട്ബോട്ട് വഴി പാട്ട് പ്ലേ ചെയ്യാന്‍ സാധിക്കും. ആന്‍ഡ്രോയിഡിന്റെ പഴയ വെര്‍ഷനുകളായ പത്തിലും പതിനൊന്നിലും ഇപ്പോള്‍ ജെമിനി ലഭ്യമാണ്.