CMDRF

ആണോ, പെണ്ണോ..? ചോദ്യം ചെയ്യപ്പെടുന്ന അവകാശങ്ങള്‍

ആണോ, പെണ്ണോ..? ചോദ്യം ചെയ്യപ്പെടുന്ന അവകാശങ്ങള്‍
ആണോ, പെണ്ണോ..? ചോദ്യം ചെയ്യപ്പെടുന്ന അവകാശങ്ങള്‍

ലിംഗ വിവാദത്തിന്റെ വിട്ടുമാറാത്ത ചൂടിലാണ് പാരീസ് ഒളിംമ്പിക്‌സിലെ ബോക്‌സിങ് വേദി. ആണോ, പെണ്ണോ എന്ന ചോദ്യങ്ങള്‍ ഒരു വ്യക്തിക്കുമേല്‍ പരസ്യമായി വീഴുമ്പോഴുണ്ടാകുന്ന മാനസിക സംഘര്‍ഷാവസ്ഥയ്ക്കാണ് കാണികള്‍ കഴിഞ്ഞദിവസം കാഴ്ച്ചക്കാരായത്. ഒരു ഹസ്തദാനം നല്‍കാന്‍ പോലും തയ്യാറാകാതെ ഇറ്റലിയുടെ ആഞ്ചെല കാരിനി വേദി വിട്ടിറങ്ങി പോയപ്പോള്‍ ഒപ്പം അല്‍ജീരിയയുടെ ഇമാനെ ഖെലീഫിനെ വിവാദ ചൂടിലേക്ക് കൂടിയാണ് ആഞ്ചെല വലിച്ചിട്ടത്. ഇമാനെ സ്ത്രീയല്ല എന്നാരോപിച്ചായിരുന്നു ആഞ്ചെലയുടെ ആക്രമണം. നോര്‍ത്ത് പാരീസ് അരീനയില്‍ നടന്ന മത്സരത്തില്‍ ഇമാനെയുടെ ആദ്യ പഞ്ച് തന്നെ കാരിനിയുടെ ചിന്‍സ്ട്രാപ്പിനെ ഇളക്കിക്കൊണ്ടായിരുന്നു. ഇമാനെ വിജയിയായി പ്രഖ്യാപിച്ചെങ്കിലും അതൊരു ചര്‍ച്ചയ്ക്കുള്ള തുടക്കമായിരുന്നു. ഇമാനു പുറമെ തായ്വാന്റെ ലിന്‍ യു ടിങ്ങിന് നേരെയും ഇതേ അമ്പെയ്ത്ത് നടന്നു. ഉസ്‌ബെക്കിസ്ഥാന്റെ സിറ്റോറ തുര്‍ഡിബെക്കോവയെ ലിന്‍ യു ടിങ് പരാജയപ്പെടുത്തിയതോടെയാണ് അതേ ചോദ്യങ്ങള്‍ ലിന്‍ യു ടിങ്ങിന് നേരെയും ചൂണ്ടിയത്. 2023 ല്‍ നടന്ന അന്താരാഷ്ട്ര ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ലിംഗപരിശോധനയില്‍ പരാജയപ്പെട്ട താരങ്ങളാണ് ഇമാനെ ഖെലീഫിയും, ലിന്‍ യു ടിങ്ങും.

എന്താണ് ശരിക്കും വിവാദമായത്..?

2023 ല്‍ ന്യൂഡല്‍ഹിയില്‍ വച്ച് നടന്ന അന്താരാഷ്ട്ര ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിലെ ലിംഗപരിശോധനയില്‍ ഇരുതാരങ്ങളും പരാജയപ്പെട്ടിരുന്നു. വിലക്കപ്പെട്ട താരങ്ങക്ക് മേല്‍ വീണ പഴി പുരുഷന്മാരുടെ ശരീരഘടനയുള്ള ഇവര്‍ വനിതാ വിഭാഗത്തില്‍ മത്സരിക്കാന്‍ യോഗ്യരല്ല എന്നാണ്. ഡിഎന്‍എ പരിശോധനയില്‍ ഇമാനെ ഖെലീഫിയ്ക്കും ലിന്‍ യു ടിങ്ങിനും എക്സ്, വൈ ക്രോമസോമുകളാണെന്ന് തെളിഞ്ഞതായി അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷന്‍ (ഐബിഎ) പ്രസിഡന്റ് ഉമര്‍ ക്രെംലെവ് വ്യക്തമാക്കിയിരുന്നു. പുരുഷന്‍മാരിലാണ് ഈ ക്രോമോസോമുകള്‍ കാണുക. സ്ത്രീകളില്‍ എക്സ്, എക്സ് ക്രോമസോമുകളാണ് ഉണ്ടാവുക. എന്നാല്‍ ഇവര്‍ പുരുഷനോ, ട്രാന്‍സ് ജെന്‍ഡറോ ഒന്നുമല്ല. സ്ത്രീ തന്നെയാണ്. ഇരുവരുടെയും പാസ്പോര്‍ട്ടില്‍ രണ്ടു താരങ്ങളും സ്ത്രീകളാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജനനപരമായി സ്ത്രീയാണെങ്കിലും ഒരു പ്രത്യേക തരം ശാരീരികാവസ്ഥയിലൂടെയാണ് ഇവര്‍ കടന്നുപോകുന്നത്. ഡിഫറന്‍സ് ഓഫ് സെക്‌സ് ഡെവലപ്പ്‌മെന്റ് എന്ന അവസ്ഥ. ഈ അവസ്ഥയില്‍ ശരീരത്തില്‍ പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ കൂടിയ സാന്നിധ്യവും പുരുഷ ജീനായ എക്സ്, വൈ ക്രോമസോമുമാണ് ഉള്ളത്. ഇതാണ് താരങ്ങള്‍ക്ക് വെല്ലുവിളിയാകുന്നത്.

പുരുഷന്റേതോ സ്ത്രീയുടേതോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത ജനനേന്ദ്രിയം ഉണ്ടാകുന്ന അവസ്ഥയാണ് ഡിഫറന്‍സ് ഓഫ് സെക്‌സ് ഡെവലപ്പ്‌മെന്റ് എന്ന അവസ്ഥയില്‍ കാണുക. വ്യക്തി പ്രായപൂര്‍ത്തിയാകുന്ന സമയമെത്തുമ്പോള്‍ അവസ്ഥ കൂടുതല്‍ സങ്കീര്‍ണമാകും. ഈ സങ്കീര്‍ണതകള്‍കൊണ്ട് തന്നെ വ്യക്തി ആണാണോ പെണ്ണോണോ എന്ന തെറ്റിധാരണകള്‍ ഉണ്ടാകുന്നു. ഇത്തരക്കാരോട് ഉള്ള വിവേചനപരമായ പെരുമാറ്റവും, തുടര്‍ന്നുളള ആരോപണങ്ങളും, ഒറ്റപ്പെടുത്തലുകളും എന്നും ഏത് നാട്ടിലായാലും സമൂഹം ചെയ്ത് കൊണ്ടേയിരിക്കും. അതിന്റെ ഇരകളാണ് ഇമാനെ ഖെലീഫിയും, ലിന്‍ യു ടിങ്ങും. കുറ്റപ്പെടുത്തലുകളെ വകവെക്കാതെ ഒളിംമ്പിക്‌സ് വേദി വരെയെത്തിയ ഇവരുടെ യാത്രയില്‍ ലോകത്തിലെ ഏറ്റവും വലിയ വേദിയിലും വിവാദങ്ങള്‍ സൃഷ്ടിച്ചു.

അടിസ്ഥാനപരമായ എല്ലാത്തരം വെല്ലുവിളികളും നേരിടുന്ന ഒരു കുടുംബത്തില്‍ നിന്നുമാണ് ഇമാനെ ഖെലീഫിയുടെ വരവ്. ജനനപരമായും എല്ലാ രേഖകളിലും അവര്‍ സ്ത്രീയാണ്. വിവാദങ്ങളും ആരോപണങ്ങളും ഇമാനെ പിന്തുടര്‍ന്നപ്പോള്‍ അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റിയും ഇമാനെ പിന്തുണച്ച് രംഗത്തെത്തി. പാരിസ് ഒളിംപിക്സില്‍ വനിതാ വിഭാഗം ബോക്സിംഗില്‍ മത്സരിക്കാനുള്ള എല്ലാവിധ യോഗ്യതയും ഇമാനുണ്ടെന്ന് ഐഒസി ഉറപ്പിച്ചു പറയുന്നു. വിവേചനങ്ങളില്ലാതെ കായിക മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും ഐഒസി വ്യക്തമാക്കി.

വിവേചനങ്ങള്‍ കൂടാതെ മത്സരത്തില്‍ പങ്കെടുക്കാന്‍ ഏതൊരു വ്യക്തിക്കും അവകാശമുണ്ട്. ഇത്തരത്തിലുള്ള അവഗണനകള്‍ സൃഷ്ടിക്കുന്നത് കഴിവുളള ഒരുപറ്റം തലമുറയുടെ നിശ്ശബ്ദതയാണ്. പിന്നോട്ട് പോകാന്‍ പ്രചോദനം നല്‍കുന്ന ഇത്തരം കുറ്റപ്പെടുത്തലുകള്‍ തകര്‍ക്കുന്നത് ഒരുപാട് പോരാളികളെയാണ്. ഇമാനും, ലിന്‍ യു ടിങ്ങും ഇത്തരം ചോദ്യങ്ങളും പരിഹാസങ്ങളും ഒത്തിരി കേട്ടവരാണ്. ഇവരെ പോലെ വിവാദങ്ങളില്‍പ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ വലിച്ചുകീറപ്പെട്ടിട്ടിലെന്നേയുള്ളു. ഒരുപാട് പേര്‍ ഇത്തരം വെല്ലുവിളികളെ തരണംചെയ്ത് പല കോണുകളിലായി കഴിയുന്നുണ്ടാവാം. ഇതൊക്കെ അംഗീകരിക്കാന്‍ ഞങ്ങളത്ര ഉയര്‍ന്ന ചിന്താഗതിക്കാരല്ലയെന്ന് പറഞ്ഞ് തലയൂരുന്നവരും, ഇതൊക്കെ സംസ്‌കാരത്തിന് കളങ്കമേല്‍പ്പിക്കുന്നതാണെന്ന് പറഞ്ഞ് നാടിനെ സംരക്ഷിക്കുന്നവരും അറിഞ്ഞിരിക്കാന്‍… പരിഹാസവും കുറ്റപ്പെടുത്തലും മാത്രമെ പറയുന്നവരുടെ പേരില്‍ അവശേഷിക്കുകയുള്ളു. തെളിവുകളും, വിശദീകരണങ്ങളുമുള്ള അവസ്ഥാന്തരങ്ങളും ലോകത്തുണ്ട്. എല്ലാം അംഗീകരിക്കപ്പെട്ടവ. ഒന്നിന്റെയും കാര്യകാരണങ്ങളറിയാതെ കല്ലെറിയാന്‍ പോകുന്നവരുടെ വിവരമില്ലായ്മ എന്നും, ഈ സമൂഹത്തിന് ഒരു വിലങ്ങുതടി തന്നെയാണ്…!

REPORT: ANURANJANA KRISHNA

Top