ബ്രസീലിയ: ഗസയില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന നരനായാട്ടില്‍ പ്രതിഷേധിച്ച് ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ ഇസ്രായേലിലെ തങ്ങളുടെ അംബാസഡറെ ബുധനാഴ്ച തിരിച്ചുവിളിച്ചു. ഗസയിലെ ഇസ്രായേല്‍ ആക്രമണത്തിനെതിരെ നിരന്തരം ശബ്ദമുയര്‍ത്താറുള്ള ലുല ആക്രമണങ്ങളെ വംശഹത്യ എന്ന് വിളിക്കുകയും രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്‌ലര്‍ നടത്തിയ ഹോളോകോസ്റ്റുമായി താരതമ്യപ്പെടുത്തുകയും ചെയ്തിരുന്നു.
ബ്രസീലിലേക്ക് തിരിച്ചുവിളിച്ച അംബാസഡര്‍ ഫ്രെഡറിക്കോ മേയര്‍ക്ക് ജനീവയില്‍ പുതിയ ചുമതല നല്‍കിയതായി ബ്രസീല്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗിക ഉത്തരവില്‍ പറയുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കുന്നതാണ് പുതിയ നീക്കം. എന്നാല്‍ ഇക്കാര്യത്തില്‍ ബ്രസീല്‍ സര്‍ക്കാരില്‍ നിന്ന് ഔദ്യോഗിക സന്ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നിരുന്നാലും, മാധ്യമ റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന്, വ്യാഴാഴ്ച മന്ത്രാലയത്തില്‍ ഒരു മീറ്റിങ്ങിന് ഹാജരാകാന്‍ ബ്രസീലിയന്‍ ചാര്‍ജ് ഡി അഫയേഴ്സിന് സമന്‍സ് ലഭിച്ചു. അംബാസിഡറെ തിരിച്ചുവിളിച്ച നടപടിയില്‍ രാജ്യത്തെ ഇസ്രായേല്‍ അനുകൂല സംഘടനയായ ഇസ്രായേലി കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രസീല്‍ പ്രതിഷേധം രേഖപ്പെടുത്തി. മേയറിന് പകരക്കാരന്‍ ആരാണെന്ന് ഔദ്യോഗിക ഉത്തരവില്‍ പറയുന്നില്ല. ഇസ്രായേലിലേക്കുള്ള ബ്രസീലിന്റെ ചാര്‍ജ് ഡി അഫയേഴ്സ് അനിശ്ചിതകാലത്തേക്ക് എംബസിയെ നയിക്കുമെന്നാണ് റിപ്പോര്‍ട്ട്.
സൈന്യം സൈന്യത്തിനെതിരെ നടത്തുന്ന യുദ്ധമല്ല, വമ്പന്‍ തയാറെടുപ്പ് നടത്തിയ സൈന്യം കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ നടത്തുന്ന യുദ്ധമാണെന്ന് ബ്രസീല്‍ പ്രസിഡന്റ് വിമര്‍ശിച്ചിരുന്നു. ‘ഗസ മുനമ്പില്‍ hലസ്തീന്‍ ജനതക്കെതിരെ നടക്കുന്നത് ചരിത്രത്തിന്റെ ഒരു ഘട്ടത്തിലും നടന്നിട്ടില്ല, യഥാര്‍ഥത്തില്‍ അത് ജൂതരെ കൊന്നൊടുക്കാന്‍ ഹിറ്റ്ലര്‍ തീരുമാനിച്ചപ്പോള്‍ മാത്രമാണ് നടന്നത്’ ലൂയിസ് ചൂണ്ടിക്കാട്ടി. രണ്ടാം ലോകമഹായുദ്ധ വേളയില്‍ ഹിറ്റ്ലറിന്റെ നേതൃത്വത്തില്‍ നാസികള്‍ ആറ് ദശലക്ഷം ജൂതരെ വ്യവസ്ഥാപിതമായി കൊന്നൊടുക്കിയതായാണ് പറയപ്പെടുന്നത്’ എന്നാണ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ പറഞ്ഞത്. ഇതിനെ തുടര്‍ന്ന് ഇസ്രായേല്‍ ബ്രസീലിയന്‍ അംബാസിഡറെ ശാസിക്കാനായി വിളിച്ചുവരുത്തിയിരുന്നു. ബ്രസീല്‍ പ്രസിഡന്റിന്റെ പ്രസ്താവന അപമാനകരവും ഗുരുതരവുമാണെന്നായിരുന്നു ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം.
അംബാസിഡറെ തിരിച്ചുവിളിച്ച നടപടി പ്രതീകാത്മകമാണെന്ന് ദക്ഷിണ ബ്രസീലിലെ ഫെഡറല്‍ യൂണിവേഴ്സിറ്റി ഓഫ് സാന്താ കാറ്ററീനയിലെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് പ്രൊഫസറായ ഡാനിയേല്‍ അയേഴ്സ് പറഞ്ഞു.
നോര്‍വേ, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ പലസ്തീന്‍ രാഷ്ട്രത്തെ ഔപചാരികമായി അംഗീകരിച്ചതിനെ ബ്രസീലിന്റെ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. 2010ലാണ് ബ്രസീല്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചത്.
കൊളംബിയയും ബൊളീവിയയും ബെലീസും ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നു. കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഇസ്രായേലില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.