ലീഗിനെതിരെ വിമര്‍ശനവുമായി ജിഫ്രി മുത്തുക്കോയ തങ്ങള്‍

ലീഗിനെതിരെ വിമര്‍ശനവുമായി ജിഫ്രി മുത്തുക്കോയ തങ്ങള്‍

ദുബൈ: ലീഗിനെതിരെ പരോക്ഷ വിമര്‍ശനവുമായി സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ആരെയും പരാജയപ്പെടുത്താനല്ല സമസ്തയുടെ പ്രവര്‍ത്തനമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. വളരാന്‍ വേണ്ടി സുപ്രഭാതം നടത്തുന്ന മത്സരത്തില്‍ ചിലര്‍ക്ക് അസൂയ സ്വാഭാവികമെന്നും സുപ്രഭാതം പത്രം ഗള്‍ഫ് എഡിഷന്‍ ലോഞ്ചില്‍ സമസ്ത പ്രസിഡന്റ് പറഞ്ഞു. മുസ്‌ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും പ്രധാന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തില്ല. സുപ്രഭാതം ഗള്‍ഫില്‍ എത്തുന്ന ചടങ്ങ് ബഹിഷ്‌കരിച്ചവരെ ജനം ബഹിഷ്‌കരിക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

സുപ്രഭാതം പത്രത്തിന്റെ 9 വര്‍ഷം മുന്‍പുള്ള ഉദ്ഘാടന ചടങ്ങിന്റെ ചിത്രം ഗള്‍ഫിലെ എഡിഷന്‍ ലോഞ്ച് വേദിക്ക് സമീപം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അന്നത്തെ ചടങ്ങില്‍ പങ്കെടുത്ത, ജീവിച്ചിരിക്കുന്ന പ്രമുഖ നേതാക്കളുടെ അസാന്നിധ്യമാണ് ഗള്‍ഫിലെ സുപ്രഭാതം എഡിഷന്‍ ലോഞ്ചില്‍ ശ്രദ്ധേയമായത്. സമസ്ത നേതാക്കളാരും ലീഗ് നേതാക്കളുടെ വിട്ടുനില്‍ക്കല്‍ പ്രത്യക്ഷത്തില്‍ പരാമര്‍ശിച്ചില്ല. സ്വന്തം പത്രം തുടങ്ങാന്‍ ഉണ്ടായ സാഹചര്യത്തെ, എപ്പോഴും വാടക വീട്ടില്‍ കഴിയാനാകില്ലല്ലോ എന്ന് വിശേഷിപ്പിച്ചാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസംഗം തുടങ്ങിയത്.

നാട്ടിലെ വര്‍ക്കിങ് കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടിയാണ് സാദിഖ് അലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെടെ ലീഗ് നേതാക്കള്‍ വിട്ടുനിന്നത്. കോണ്‍ഗ്രസില്‍ നിന്ന് കെ മുരളീധരന്‍ മീഡിയ സെമിനാറില്‍ പങ്കെടുത്തു. സുപ്രഭാതം മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന പത്രം എന്നാണ് സുപ്രഭാതം ഓണ്‍ലൈന്‍ എഡിഷന്‍ ഉദ്ഘാടനം ചെയ്ത മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത്.

ലീഗ് നേതാക്കള്‍ ഉള്‍പ്പെടെ ഉള്ളവരുടെ അസാന്നിധ്യത്തെ കുറിച്ച് പറഞ്ഞ മന്ത്രിയുടെ വാക്കുകളെ കയ്യടിയോടെയാണ് സദസ് സ്വീകരിച്ചത്- ‘ഒരു മാധ്യമം ഒരു പുതിയ എഡിഷന്‍ തുടങ്ങുമ്പോള്‍ വിട്ടുനില്‍ക്കാന്‍ ജനാധിപത്യവും മതനിരപേക്ഷതയും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ആര്‍ക്കും തോന്നില്ല. ആര്‍ക്കെങ്കിലും ബഹിഷ്‌കരിക്കണമെന്ന് തോന്നുകയാണെങ്കില്‍ ജനം അവരെ ബഹിഷ്‌കരിക്കുന്ന സ്ഥിതിയാണുണ്ടാവുക.’സമസ്തയും ലീഗും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ ചര്‍ച്ചയായ ഗള്‍ഫ് എഡിഷന്‍ ലോഞ്ചില്‍ ഗള്‍ഫിലെ പ്രാബല സംഘടനയായ കെഎംസിസി നേതാക്കളുടെയും അസാന്നിധ്യം ശ്രദ്ധേയമായി. അതേസമയം ഒറ്റപ്പെട്ട ചില നേതാക്കള്‍ ചടങ്ങിന് എത്തി.

Top