ഡല്‍ഹി: കേന്ദ്ര സഹമന്ത്രിയായി ജോര്‍ജ് കുര്യന്‍ ചുമതലയേറ്റു. ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകളുടെ സഹമന്ത്രിയായിട്ടാണ് ജോര്‍ജ് കുര്യന്‍ ചുമതലയേറ്റെടുത്തത്. ന്യൂനപക്ഷ ക്ഷേമ വകുപ്പുകളുടെ സഹമന്ത്രിസ്ഥാനവും ജോര്‍ജ് കുര്യന് നൽകിയിട്ടുണ്ട്.
തീരപ്രദേശങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും. കടലാക്രമണ ഭീഷണി നേരിടുന്ന മുതലപ്പൊഴി സന്ദര്‍ശിക്കും. കേരളത്തിലെത്തി ജനങ്ങളുമായി സംസാരിച്ച്, അവരുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പദ്ധതി തയ്യാറാക്കുമെന്നും ജോര്‍ജ് കുര്യന്‍ ചുമതലയേറ്റെടുത്തശേഷം പറഞ്ഞു. ഹജ്ജ് സമയത്ത് വിമാനചാര്‍ജ് വര്‍ധന വിഷയത്തില്‍ പഠിച്ച് കൃത്യമായ പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുമെന്ന് ജോര്‍ജ് കുര്യന്‍ കൂട്ടിച്ചേര്‍ത്തു.
രാവിലെ കേന്ദ്ര പെട്രോളിയം സഹമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റിരുന്നു. ശാസ്ത്രിഭവനിലെ പെട്രോളിയം മന്ത്രാലയത്തില്‍ എത്തിയ സുരേഷ് ഗോപിയെ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹര്‍ദീപ്‌സിങ് പുരി സ്വീകരിച്ചു. തുടര്‍ന്ന് ഓഫീസിലെത്തിയാണ് സുരേഷ് ഗോപി ചുമതലയേറ്റത്.