പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച്, യൂറോ പ്രീക്വാര്‍ട്ടറില്‍ സ്ഥാനം പിടിച്ച് ജോര്‍ജിയ

പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച്, യൂറോ പ്രീക്വാര്‍ട്ടറില്‍ സ്ഥാനം പിടിച്ച് ജോര്‍ജിയ

ബെര്‍ലിന്‍: യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മുന്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് ജോര്‍ജിയ പ്രീക്വാര്‍ട്ടറില്‍. ഇതാദ്യമായി ഒരു പ്രധാന ടൂര്‍ണമെന്റിനെത്തിയ ജോര്‍ജിയന്‍ സംഘം ചരിത്ര നേട്ടമാണ് കൈവരിച്ചത്. മത്സരത്തിന്റെ 90-ാം സെക്കന്റില്‍ തന്നെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സംഘത്തെ അത്ഭുതപെടുത്തികൊണ്ട് ജോര്‍ജിയയുടെ ഗോളെത്തി. ഖ്വിച്ച ക്വാററ്റ്സ്ഖേലിയയുടെ ഗോളിലാണ് ജോര്‍ജിയ ആദ്യ ഗോള്‍ വലയിലെത്തിച്ചത്. പോര്‍ച്ചുഗീസ് താരം അന്റോണിയോ സില്‍വയുടെ വലിയ പിഴവ് മുതലെടുത്തായിരുന്നു ജോര്‍ജിയയുടെ ആദ്യ ഗോള്‍. സില്‍വ പിറകിലേക്കു നല്‍കിയ പാസ് ജോര്‍ജിയ താരം മികോട്ടഡ്സെ സ്വന്തമാക്കി.

പന്തുമായി മുന്നേറിയ താരം ഇടതുവശത്ത് ക്വാരത്സ്ഖെലിയക്ക് പാസ് നല്‍കി. ഇറ്റാലിയന്‍ ക്ലബ് നാപ്പോളി മുന്നേറ്റ താരം പന്ത് പോസ്റ്റിന്റെ വലതുവശത്തേയ്ക്ക് അടിച്ചുകയറ്റി. രണ്ടാം പകുതിയില്‍ 57-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മിക്കോട്ടഡ്സെയും ഗോള്‍ നേടിയപ്പോള്‍ പോര്‍ച്ചുഗല്‍ സംഘം തോല്‍വിയിലേക്ക് നീങ്ങി. മത്സരത്തിലുടനീളം ഗംഭീരമായ സേവുകളുമായി കളം നിറഞ്ഞ ജോര്‍ജിയന്‍ ഗോള്‍ക്കീപ്പര്‍ മാമര്‍ദഷ്വിലിയും ഈ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

Top