ജോര്‍ജിയ: അമേരിക്കയിലെ ജോര്‍ജിയയില്‍ സ്‌കൂളില്‍ വെടിവെയ്പ് നടത്തിയ പതിനാലുകാരന്‍ കോള്‍ട്ട് ഗ്രേയുടെ അമ്മ മാര്‍സി സ്ഥിരം കുറ്റവാളി. മയക്കുമരുന്ന് ഉപയോഗം, ഗാര്‍ഹിക പീഡനം അടക്കമുള്ള കുറ്റങ്ങള്‍ക്ക് ഇവര്‍ ജയില്‍ ശിക്ഷ നേരിട്ടിട്ടുണ്ടെന്നാണ് സമീപവാസികള്‍ പറയുന്നത്. കോള്‍ട്ടിനേയും സഹോദരങ്ങളേയും ഇവര്‍ സ്ഥിരമായി വീടിന് പുറത്ത് പൂട്ടിയിടാറുണ്ട്. വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടുള്ള കുട്ടികളുടെ കരച്ചില്‍ സ്ഥിരം കേള്‍ക്കാറുണ്ടായിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു.
കുട്ടികളോട് അവഗണനാ മനോഭാവമായിരുന്നു മാര്‍സി പുലര്‍ത്തിയിരുന്നതെന്നും സമീപവാസികള്‍ പറഞ്ഞു. കുട്ടികളെ സ്ഥിരം ഉപദ്രവിക്കുമായിരുന്നു. കുട്ടികള്‍ക്ക് ഭക്ഷണം പോലും കൃത്യമായി നല്‍കാത്ത സാഹചര്യമുണ്ടായിരുന്നു. ഭക്ഷണത്തിനായി കുട്ടികള്‍ തങ്ങളെ സമീപിച്ചിട്ടുണ്ടെന്നും സമീപവാസികള്‍ പറയുന്നു. മയക്കുമരുന്ന് ഉപയോഗത്തിനും ഗാര്‍ഹിക പീഡനത്തിനും പുറമേ വസ്തുക്കള്‍ നശിപ്പിച്ചതിനും മദ്യപിച്ച് വാഹനമോടിക്കല്‍ അടക്കമുള്ള ഗതാഗത നിയമലംഘനങ്ങള്‍ക്കും ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. പതിനേഴ് വര്‍ഷമായി ഇവര്‍ ഇത്തരത്തില്‍ കുറ്റങ്ങള്‍ ചെയ്തുവരുന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഇവര്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും സമീപവാസികള്‍ കൂട്ടിച്ചേര്‍ത്തു.
കോള്‍ട്ട് ഗ്രേ അധികം സംസാരിക്കാത്ത പ്രകൃതമെന്നാണ് സമീപവാസികള്‍ പറയുന്നത്. അച്ഛനില്‍ നിന്ന് അവന് സ്ഥിരം മര്‍ദ്ദനമേല്‍ക്കേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യമൊന്നും അവന്‍ ആരോടും പങ്കുവെയ്ക്കാറില്ല. കോള്‍ട്ടിന്റെ നിലവിലെ അവസ്ഥയ്ക്ക് കാരണം അവന്റെ അച്ഛന്‍ തന്നെയെന്നാണ് മുത്തച്ഛന്‍ പറഞ്ഞതെന്നും അയല്‍വാസികള്‍ പറയുന്നു. ഗ്രേയ്ക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് അവന്റെ അമ്മായി വാഷിംഗ്ടണ്‍ പോസ്റ്റിനോട് പ്രതികരിച്ചു. ജോര്‍ജിയ സ്‌കൂള്‍ വെടിവെയ്പിന് ഒരുമാസം മുന്‍പ് അവന്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് സഹായം തേടി തന്നെ സമീപിച്ചിട്ടുണ്ടായിരുന്നുവെന്നും അവര്‍ വ്യക്തമാക്കുന്നു.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ജോര്‍ജിയയിലെ അപ്പലാച്ചി ഹൈസ്‌കൂളില്‍ പതിനാലുകാരന്‍ വെടിവെയ്പ് നടത്തിയത്. ആക്രമണത്തില്‍ അധ്യാപകരായ റിച്ചാര്‍ഡ് ആസ്പിന്‍വൈല്‍ (39), ക്രിസ്റ്റ്യന്‍ ഇറിമി (53), വിദ്യാര്‍ത്ഥികളായ മാസന്‍ ഷെര്‍മെര്‍ഹോണ്‍ (14), ക്രിസ്റ്റിയന്‍ ആന്‍ഗുലോ(14) എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ട് അധ്യാപകരും ഏഴ് വിദ്യാര്‍ത്ഥികളുമടക്കം ഒന്‍പത് പേര്‍ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിന് തൊട്ടടുത്ത നിമിഷം സ്‌കൂളിലെ റിസോഴ്സ് ഓഫീസര്‍മാര്‍ കോള്‍ട്ടിനെ കീഴടക്കുകയായിരുന്നു. സംഭവത്തില്‍ കോള്‍ട്ടിന്റെ പിതാവ് കോളിന്‍ ഗ്രേയെ ജോര്‍ജിയബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അറസ്റ്റ് ചെയ്തിരുന്നു. വെടിയുതിര്‍ത്ത തോക്ക് വാങ്ങി നല്‍കിയത് പിതാവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.