ജോർജിയ: അമേരിക്കയിലെ ജോർജിയയിൽ സ്‌കൂളിൽ വെടിവെയ്പ് നടത്തിയ പതിനാലുകാരന്റെ പിതാവ് അറസ്റ്റിൽ. 54കാരനായ കോളിൻ ഗ്രേയാണ് അറസ്റ്റിലായത്. മനപൂർവമല്ലാത്ത നരഹത്യ, കുട്ടികളോടുള്ള ക്രൂരതയടക്കം നാല് കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസിലെ പ്രതിയായ പതിനാലുകാരൻ കോൾട്ട് ഗ്രേയ്ക്ക് തോക്ക് വാങ്ങി നൽകിയത് ഇയാളാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജോർജിയ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ നടപടി.
പ്രതിയായ കോൾട്ട് ഗ്രേ ഉപയോഗിച്ചത് സെമിഓട്ടോമാറ്റിക് റൈഫിളോ, എആർ സ്‌റ്റൈൽ വെപ്പണോ ആണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. കഴിഞ്ഞ ക്രിസ്മസിനാണ് കോളിൻ ഗ്രേ, കോൾട്ടിന് തോക്ക് സമ്മാനമായി നൽകിയത്. കോൾട്ട് സ്‌കൂളിൽ പതിവായി തോക്ക് കൊണ്ടുപോയിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കോൾട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Also Read:ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനായി മാറില്ല: ഇന്ത്യക്ക് മുഹമ്മദ് യൂനസിൻ്റെ മറുപടി
കഴിഞ്ഞ ദിവസമാണ് ജോർജിയയിലെ അപ്പലാച്ചി ഹൈസ്‌കൂളിൽ പതിനാലുകാരൻ വെടിവെയ്പ് നടത്തിയത്. ആക്രമണത്തിൽ അധ്യാപകരായ റിച്ചാർഡ് ആസ്പിൻവൈൽ (39), ക്രിസ്റ്റ്യൻ ഇറിമി (53), വിദ്യാർത്ഥികളായ മാസൻ ഷെർമെർഹോൺ (14), ക്രിസ്റ്റിയൻ ആൻഗുലോ(14) എന്നിവർ കൊല്ലപ്പെട്ടിരുന്നു. രണ്ട് അധ്യാപകരും ഏഴ് വിദ്യാർത്ഥികളുമടക്കം ഒൻപത് പേർക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിന് തൊട്ടടുത്ത നിമിഷം സ്‌കൂളിലെ റിസോഴ്‌സ് ഓഫീസർമാർ അക്രമിയെ കീഴ്‌പ്പെടുത്തുകയായിരുന്നു.
Also Read:ഹമാസുമായി കരാറില്ല; മാധ്യമ റിപ്പോർട്ടുകളെ തള്ളി ബെഞ്ചമിന്‍ നെതന്യാഹു
സംഭവത്തെ അർത്ഥശൂന്യമായ ദുരന്തം എന്നായിരുന്നു യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് വിശേഷിപ്പിച്ചത്. ഇത്തരത്തിലുള്ള അക്രമങ്ങളെ തങ്ങൾ പൂർണമായും അവസാനിപ്പിക്കുമെന്നും തിരഞ്ഞെടുപ്പ് ക്യാപെയ്‌നിൽ കമല ഹാരിസ് പറഞ്ഞു.