CMDRF

അഫ്ഗാനിസ്ഥാന്‍ പൗരന്മാരെ നാടുകടത്തി ജര്‍മനി

സോളിങ്കന്‍ പട്ടണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജര്‍മനിയില്‍ അഭയാര്‍ഥിയായ സിറിയന്‍ പൗരന്‍ അറസ്റ്റിലായതിന്റെ പശ്ചാത്തലത്തിലാണ് അന്തിമ തീരുമാനം

അഫ്ഗാനിസ്ഥാന്‍ പൗരന്മാരെ നാടുകടത്തി ജര്‍മനി
അഫ്ഗാനിസ്ഥാന്‍ പൗരന്മാരെ നാടുകടത്തി ജര്‍മനി

ബെര്‍ലിന്‍: ക്രിമിനല്‍ കുറ്റങ്ങള്‍ ആരോപിച്ച് 28 അഫ്ഗാനിസ്ഥാന്‍ പൗരന്മാരെ നാടുകടത്തി ജര്‍മനി. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് ജര്‍മനി പൗരന്മാരെ തിരിച്ചയക്കുന്നത്. മാസങ്ങളായി ഇതു സംബന്ധിച്ച ചര്‍ച്ചയിലായിരുന്നു.

സോളിങ്കന്‍ പട്ടണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജര്‍മനിയില്‍ അഭയാര്‍ഥിയായ സിറിയന്‍ പൗരന്‍ അറസ്റ്റിലായതിന്റെ പശ്ചാത്തലത്തിലാണ് അന്തിമ തീരുമാനമെടുത്തതെന്നും സര്‍ക്കാര്‍ വക്താവ് സ്റ്റീഫന്‍ ഹെബെസ്‌ട്രെയ് പറഞ്ഞു. അതേസമയം നാടുകടത്തപ്പെട്ടവര്‍ക്കുമേല്‍ ചുമത്തപ്പെട്ട കുറ്റകൃത്യങ്ങള്‍ വിശദീകരിക്കാന്‍ അദ്ദേഹം തയാറായില്ല.

Also Read: ട്രംപ് അനുകൂല പോസ്റ്റുകൾക്കായി വ്യാജ എക്‌സ് അക്കൗണ്ടുകള്‍

ജര്‍മനിയുടെ സുരക്ഷയുമായി ബന്ധപ്പെട്ടാണ് നടപടി സ്വീകരിച്ചതെന്ന് ആഭ്യന്തര മന്ത്രി നാന്‍ ഫീസര്‍ അറിയിച്ചു. താലിബാന്‍ അധികൃതരുമായി ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന രണ്ടുമാസത്തെ ചര്‍ച്ചക്കൊടുവിലാണ് നാടുകടത്തലില്‍ തീരുമാനമായതെന്ന് ജര്‍മന്‍ മാസിക ദെര്‍ സ്പീഗല്‍ റിപ്പോര്‍ട്ട് ചെയ്തു.

2021 ആഗസ്റ്റില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്ത ശേഷം അഫ്ഗാനിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം ജര്‍മനി റദ്ദാക്കിയിരുന്നു. ബള്‍ഗേറിയയിലേക്ക് നാടുകടത്താന്‍ നേരത്തെ ജര്‍മനി തീരുമാനിച്ചിരുന്ന സിറിയന്‍ പൗരനാണ് സോളിങ്കന്‍ കൊലപാതകക്കേസില്‍ അറസ്റ്റിലായത്.

Top