പാരിസ്: യൂറോ കപ്പിന് മുമ്പായി ആത്മവിശ്വാസം ഉണര്‍ത്തുന്ന വിജയവുമായി ജര്‍മ്മനി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ ജര്‍മ്മന്‍ സംഘം തോല്‍പ്പിച്ചു. മത്സരത്തിന്റെ ഏഴാം സെക്കന്റില്‍ ഗോളടിച്ച് ഫ്‌ലോറിയാന്‍ വുര്‍സ് ചരിത്രമെഴുതി. ജര്‍മ്മന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോളാണിത്.
രണ്ടാം പകുതിയില്‍ 49-ാം മിനിറ്റില്‍ ജമാല്‍ മ്യൂസിയാലയുടെ പാസില്‍ കായ് ഹാവര്‍ട്ട്‌സ് ഗോള്‍ നേടി. ഇതോടെ ജര്‍മ്മന്‍ സംഘത്തിന്റെ ലീഡ് 2-0 ആയി ഉയര്‍ന്നു. മത്സരത്തില്‍ തിരിച്ചടിക്കാന്‍ ഫ്രാന്‍സിന് കഴിയാതിരുന്നതോടെ ജര്‍മ്മനി വമ്പന്‍ വിജയം സ്വന്തമാക്കി.
ജര്‍മ്മന്‍ മധ്യനിരയിലേക്ക് അനുഭവ സമ്പത്തുമായി ടോണി ക്രൂസ് തിരിച്ചുവന്നു. ഇതിഹാസ താരത്തിന്റെ പാസില്‍ നിന്നുമാണ് ഏഴാം സെക്കന്റിലെ ചരിത്ര ഗോള്‍ പിറന്നത്. ആദ്യ മിനിറ്റിലെ തിരച്ചടിക്ക് ശേഷം കിലിയന്‍ എമ്പാപ്പയുടെ ഫ്രാന്‍സ് മത്സരത്തിലേക്ക് തിരിച്ചുവന്നു. 26-ാം മിനിറ്റിലെ ഫ്രാന്‍സിന്റെ തകര്‍പ്പന്‍ മുന്നേറ്റം ജര്‍മ്മന്‍ ഗോള്‍കീപ്പര്‍ മാര്‍ക്ക്-ആന്ദ്രേ ടെര്‍ സ്റ്റീഗന്‍ ധീരമായി തടഞ്ഞിട്ടു.