CMDRF

ഗംഭീര വരവേല്‍പ്പ് നേടി: ഇന്ത്യന്‍ 2

ഗംഭീര വരവേല്‍പ്പ് നേടി: ഇന്ത്യന്‍ 2
ഗംഭീര വരവേല്‍പ്പ് നേടി: ഇന്ത്യന്‍ 2

ലകനായകന്‍ കമല്‍ഹാസന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് ശങ്കര്‍ ഒരുക്കിയ ഇന്ത്യന്‍. പതിറ്റാണ്ടുകള്‍ക്ക് ശേഷം അതിനൊരു രണ്ടാം ഭാഗം വരുന്നു എന്നത് പ്രേക്ഷകര്‍ക്ക് ആകാംക്ഷയുണ്ടാക്കിയ കാര്യമാണ്. ആ ആകാംക്ഷയെ തൃപ്തിപ്പെടുത്തുന്ന കാഴ്ചകളാണ് ഇന്ത്യന്‍ 2 തീയറ്ററില്‍ സമ്മാനിക്കുന്നത്. മൂന്ന് മണിക്കൂറോളം നീളുന്ന ചിത്രം പഴയ ഇന്ത്യന്റെ സത്തയില്‍ ഊന്നിയുള്ള ഒരു ഇമോഷണല്‍ ആക്ഷന്‍ റൈഡാണ് എന്ന് പറയാം. ഒപ്പം കാണാനിരിക്കുന്നത് ഗംഭീരം എന്ന സൂചനയിലാണ് ചിത്രം അവസാനിക്കുന്നത്.

പുതുകാലത്തും ഒരു മാറ്റവും ഇല്ലാതെ തുടരുന്ന അഴിമതികളും അനീതികള്‍ക്കെതിരെയും സോഷ്യല്‍ മീഡിയ വഴി പ്രതികരിക്കുന്ന ചിത്ര അരവിന്ദ് എന്ന സിദ്ധാര്‍ത്ഥിന്റെ കഥാപാത്രത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. സിദ്ധാര്‍ത്ഥും സുഹൃത്തുക്കളും നടത്തുന്ന ബാര്‍ക്കിംഗ് ഡോഗ്‌സ് എന്ന യൂട്യൂബ് ചാനല്‍ വഴി അവര്‍ അഴിമാതിക്കാര്‍ക്കെതിരെ രംഗത്ത് എത്തുന്നു. എന്നാല്‍ അവരുടെ ശ്രമങ്ങള്‍ക്ക് ഫലം കാണുന്നില്ല. ഈ സമയം ഒരു കാലത്ത് അഴിമതിക്കെതിരെ സന്ദിയില്ലാത്ത സമരം ചെയ്ത ‘ഇന്ത്യന്‍ താത്തയെ’ അവര്‍ തിരിച്ചു വിളിക്കുന്നു #ComeBackIndian എന്ന ഹാഷ്ടാഗ് വൈറലാകുന്നു.

ഒടുവില്‍ ഇവരുടെ പോരാട്ടത്തിലേക്ക് ഇന്ത്യന്‍ എന്ന സേനാപതി എത്തുന്നത് എങ്ങനെ. ഈ പോരാട്ട വഴിയില്‍ ഇവര്‍ നേരിടുന്ന പ്രതിസന്ധികള്‍ എന്തെല്ലാം. ഇങ്ങനെ പല കാര്യങ്ങളാണ് ചിത്രം പറയുന്നത്. കമല്‍ഹാസന്‍ ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു എന്ന് തന്നെ പറയാം. പ്രായമായ ഇന്ത്യന്‍ താത്തയായി എല്ലാ ആക്ഷന്‍ രംഗങ്ങളിലും കമലിന്റെ സാന്നിധ്യമുണ്ട്. ഇന്ത്യന്‍ സിനിമയില്‍ വ്യത്യസ്തമാക്കിയ മര്‍മ്മ വിദ്യ കുറച്ചുകൂടി വിശദമായി തന്നെ ഷങ്കര്‍ ഈ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.

സിദ്ധാര്‍ത്ഥ്, ബോബി സിംഹ, സമുദ്രകനി, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ് എന്നിങ്ങനെ ഈ ഭാഗത്തിലുള്ള എല്ലാവരും ഗംഭീര പ്രകടനം തന്നെ നടത്തിയിട്ടുണ്ട്. എഐ സഹായത്തോടെയും അല്ലാതെയും ചിത്രത്തില്‍ മണ്‍മറഞ്ഞിട്ടും സാന്നിധ്യമായ വിവേകും, നെടുമുടി വേണുവും, മനോബാല എന്നിവരുടെ സാന്നിധ്യം പ്രത്യേകം എടുത്തു പറയേണ്ടതാണ്. സാങ്കേതികമായും ചിത്രം മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട്. പ്രത്യേകിച്ച് ഗ്രാഫിക്‌സ് രംഗങ്ങള്‍ അതിന്റെ ക്വാളിറ്റിയില്‍ തന്നെ അനുഭവപ്പെടുന്നുണ്ട്. രവി വര്‍മ്മന്റെ ഛായാഗ്രഹണം, ശ്രീകര്‍ പ്രസാദിന്റെ എഡിറ്റിംഗ് എന്നിവ എടുത്തുപറയേണ്ടവയാണ്. അനിരുദ്ധാണ് ചിത്രത്തിന്റെ ആകര്‍ഷക ഘടകം. ആക്ഷന്‍ രംഗങ്ങളിലെ ബിജിഎമ്മിലും, ഇമോഷണല്‍ രംഗത്തെ ബാക്ഗ്രൗണ്ടിലും ഗംഭീരമായി അനിരുദ്ധ് ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ എന്ന ചിത്രത്തില്‍ നിന്നും പതിറ്റാണ്ടിന്റെ വ്യത്യാസം വരുമ്പോള്‍ ടെക്‌നോളജിയിലും സിനിമയിലും വന്ന മാറ്റങ്ങളെ ഉള്‍ക്കൊണ്ട് വലിയ ക്യാന്‍വാസിലാണ് ഇന്ത്യന്‍ 2. എന്നാല്‍ ഇവിടെ തീരുന്നുമില്ല. ഇന്ത്യന്‍ 3 യുടെ പ്രഖ്യാപനത്തോടെയാണ് പടം അവസാനിക്കുന്നത്. അതിനാല്‍ തന്നെ ഇന്ത്യന്‍ 3യിലേക്കുള്ള ഒരു ചവിട്ടുപടിയായിക്കൂടി ചിത്രത്തെ കാണാം. വളരെ സമാന്തരമായ പോകുന്ന രണ്ട് സ്റ്റോറി ലൈനില്‍ ഒരു പരീക്ഷണം ഇന്ത്യന്‍ 2വില്‍ ശങ്കര്‍ പരീക്ഷിക്കുന്നുണ്ട്. അത് രസകരമായും ഗംഭീരമായും ഒരുക്കാന്‍ സാധിച്ചുവെന്നാണ് പ്രേക്ഷക പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാക്കുന്നത്.

Top