മുംബൈ: മഹാരാഷ്ട്രയിലെ നവി മുംബൈയില്‍ ഇരുപതുകാരിയെ റോഡില്‍ കുത്തേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വ്യാപകമാക്കി പൊലീസ് ഉറാന്‍ സ്വദേശിയായ യശശ്രീ ഷിന്‍ഡെ (20) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് കോട്നാകയിലെ പെട്രോള്‍ പമ്പിന് സമീപമുള്ള വിജനമായ റോഡില്‍ യശശ്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഒരു പെണ്‍കുട്ടി റോഡില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്നതായും തെരുവു നായ്ക്കള്‍ ശരീരം കടിച്ചുകീറുന്നതായും വഴിയാത്രക്കാരനാണ് പൊലീസിനു വിവരം നല്‍കിയത്. നായ്ക്കളുടെ കടിയേറ്റ് പെണ്‍കുട്ടിയുടെ മുഖം വികൃതമായെന്നും ശരീരത്തില്‍ രണ്ടിടത്ത് കുത്തേറ്റതായും ഉറാന്‍ പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച വൈകിട്ടാണ് യശശ്രീയെ കാണാതായത്. കൊമേഴ്‌സ് ബിരുദധാരിയായ യശശ്രീ, സ്വകാര്യ കമ്പനിയില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു. വ്യാഴാഴ്ച രാവിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയാണെന്ന് മാതാപിതാക്കളെ അറിയിച്ചാണ് യശശ്രീ വീട്ടില്‍ നിന്നിറങ്ങിയത്. രാത്രി വൈകിയും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കി. ഇതിനു പിന്നാലെയാണ് വെള്ളിയാഴ്ച മൃതദേഹം കണ്ടെത്തിയത്. മുഖം വികൃതമായിരുന്നതിനാല്‍ വസ്ത്രങ്ങളില്‍ നിന്നും അരയിലെ ടാറ്റുവില്‍നിന്നുമാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
കുറ്റകൃത്യത്തിനു പിന്നില്‍ കര്‍ണാടക സ്വദേശിയായ ദാവൂദ് ഷെയ്ഖ് എന്നയാളണെന്നാണ് പൊലീസിന്റെ നിഗമനം. ഇയാളെ സംശയമുള്ളതായി കുടുംബവും അറിയിച്ചിട്ടുണ്ട്. ദാവൂദിനെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ദാവൂദ് ഷെയ്ഖിനെതിരെ 2019ല്‍ യശശ്രീ പീഡനപരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് പോക്‌സോ കേസില്‍ ഇയാളെ ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. ഇതിനുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നത്