അമ്പലപ്പുഴ: തകഴി കുന്നമ്മയിൽ പെൺസുഹൃത്തിന്റെ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി തകഴി സ്വദേശികളായ യുവാക്കൾ. പ്രതികളായ തകഴി സ്വദേശി തോമസ് ജോസഫ് (24) അശോക് ജോസഫ് (30) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. തോമസ് ജോസഫിന്റെ പൂച്ചക്കൽ സ്വദേശിനിയായ പെൺസുഹൃത്ത് കഴിഞ്ഞ 7 ന് പ്രസവിച്ച പെൺകുഞ്ഞിന്റെ മൃതദേഹമാണ് പ്രതികൾ മറവു ചെയ്തത്. പ്രതികളെ ചോദ്യം ചെയ്ത ശേഷം മൃതദേഹം പുറത്തെടുക്കും.
ഓഗസ്റ്റ് ഏഴാം തീയതി വീട്ടിൽ വെച്ചാണ് യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവിച്ചയുടൻ കുഞ്ഞിനെ യുവാവിന്റെ കൈവശം കൊടുത്തുവിട്ടതയാണ് പ്രാഥമിക വിവരം. അസഹ്യമായ വയറുവേദനയെ തുടർന്ന് യുവതി പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തേടി.
സംശയം തോന്നിയ ആശുപത്രി അധികൃതർ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ മാത്രമേ ചികിത്സ നൽകാനാകൂ എന്നറിയിച്ചു. രക്ഷിതാക്കൾ ആശുപത്രിയിൽ എത്തിയതോടെയാണ് പ്രസവം നടന്ന വിവരം പുറത്തറിഞ്ഞത്. കുഞ്ഞിനെ യുവാവിന്റെ കൈവശം അമ്മത്തൊട്ടിലിൽ നൽകാനായി ഏൽപ്പിച്ചെന്നാണ് യുവതി വീട്ടുകാരെ അറിയിച്ചത്. എന്നാൽ ഇവർക്ക് കുഞ്ഞിനെ കണ്ടെത്താനായില്ല.