മസ്‌കത്ത്: ഒമാനിലെ മുന്‍നിര ധനവിനിമയ സ്ഥാപനമായ ഗ്ലോബല്‍ മണി എക്‌സ്‌ചേഞ്ച് മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ സൗകര്യാര്‍ഥം വിശാലമായ പുതിയ ശാഖയും ഒരു വിശ്രമ കേന്ദ്രവും പ്രവര്‍ത്തനം ആരംഭിച്ചു. ഒമാന്‍ എയര്‍പോര്‍ട്‌സ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫിസര്‍ ഷെയ്ഖ് സമീര്‍ അഹമ്മദ് മുഹമ്മദ് അല്‍ നബ്ഹാനി ഈ സൗകര്യം ഔദ്യോഗികമായി തുറന്നു നല്‍കി.
യാത്രക്കാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വിശ്രമിക്കാനും ഫ്ലൈറ്റ് വരുന്നതും പോകുന്നതുമായ വിവരങ്ങള്‍ അറിയുവാനുമുള്ള സൗകര്യം ഇവിടെ ഉണ്ടാവും. ഒപ്പം 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഈ ശാഖയില്‍നിന്നും ലോകമെമ്പാടുമുള്ള ഏതു കറന്‍സിയും വിനിമയം ചെയ്യാനും, ലോകത്ത് എവിടേക്കും പണം അയക്കുവാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്കും അവരെ സ്വീകരിക്കാന്‍ വരുന്നവര്‍ക്കും വിശാലമായ ലോഞ്ച് തികച്ചും സൗജന്യമായി ഉപയോഗിക്കാവുന്നതാണ്. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളില്‍ കമ്പനിക്ക് അഞ്ച് ശാഖകളുണ്ട്. കൂടാതെ വിസ സേവനങ്ങള്‍ക്കായി പ്രേത്യേകം സംവിധാനം ഇമ്മിഗ്രേഷൻ ഭാഗത്തു പ്രവര്‍ത്തിച്ചുവരുന്നു.
Also Read:പ്രവാസികള്‍ക്ക് പ്രോജക്ട് വിസയില്‍ നിന്ന് സ്വകാര്യ മേഖലയിലേക്ക് മാറാം
ഒമാനിലെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ഗ്ലോബല്‍ മണി എക്സ്ചേഞ്ച് സാന്നിധ്യം. മസ്‌കത്ത്, സലാല അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഈ സേവങ്ങള്‍ 24×7 വാഗ്ദാനം ചെയ്യുന്നു. യാത്രക്കാരുടെ സൗകര്യാര്‍ഥം, വേഗത്തില്‍ കറന്‍സി ലഭ്യമാക്കുവാന്‍ ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്യുവാനുള്ള സൗകര്യവുമുണ്ട്.
ഗ്ലോബല്‍ മണി എക്‌സ്‌ചേഞ്ച് ഡയറക്ടര്‍ ഷെയ്ഖ് അബ്ദുല്ല അബ്ദുല്‍ മാലിക് അബ്ദുല്ല അല്‍ ഖലീലി, മാനേജിങ് ഡയറക്ടര്‍ കെ.എസ്. സുബ്രഹ്‌മണ്യന്‍, ജനറല്‍ മാനേജര്‍ സോനം ഡോര്‍ജെ, ബോര്‍ഡ് ഉപദേഷ്ടാവ് അഡ്വ. ആര്‍ മധുസൂദനന്‍ നായര്‍, എയര്‍പോര്‍ട്ട് ശാഖ മാനേജര്‍ കെ .ടി. മന്‍സൂര്‍, മറ്റു ജീവനക്കാരും ഒമാന്‍ എയര്‍പോര്‍ട്‌സിന്റെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. ഒമാനിലെ സാമ്പത്തിക സേവന രംഗത്ത് മുന്‍ നിരയിലുള്ള സ്ഥാപനത്തിന്റെ ലോകോത്തര ധന വിനിമയവും, കറന്‍സി സേവനങ്ങളും നല്‍കുന്നതിനുള്ള ദൗത്യത്തിലെ മറ്റൊരു നാഴികക്കല്ലാണ് ഈ പുതിയ സംവിധാനം.