പനാജി: 180-ലേറെ ചിത്രങ്ങളോടെ 55-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം. നവംബര്‍ 20 മുതല്‍ 28 വരെയാണ് മേള. മൈക്കിള്‍ ഗ്രേയ്‌സി സംവിധാനം ചെയ്ത ഓസ്‌ട്രേലിയയില്‍ നിന്നുള്ള ‘ബെറ്റര്‍ മാന്‍’ ആണ് ഉദ്ഘാടന ചിത്രം.
അന്താരാഷ്ട്ര മത്സരവിഭാഗത്തിന്റെ ജൂറി ചെയര്‍മാന്‍ എഴുത്തുകാരനായ അശുതോഷ് ഗോവാരിക്കറാണ്. പൃഥ്വിരാജ് നായകനായി ബ്ലെസ്സി സംവിധാനം ചെയ്ത ആടുജീവിതം, ആദിത്യ സുഹാസ് ജംഭാലെയുടെ ആര്‍ട്ടിക്കിള്‍ 370, നിഖില്‍ മഹാജന്റെ രാവ്‌സാഹേബ് എന്നിവയാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന ഇന്ത്യന്‍ സിനിമകള്‍.
Also Read: വായു മലിനീകരണം രൂക്ഷം; സുപ്രീംകോടതി വളപ്പിൽ നിർമാണങ്ങൾക്ക് മുടക്കമില്ല
സംവിധായകനും നടനുമായ ഡോ.ചന്ദ്രപ്രകാശ് ദ്വിവേദിയാണ് ഇന്ത്യന്‍ പനോരമ ജൂറി ചെയര്‍മാന്‍. ഇരുപത്തിയഞ്ച് സിനിമകള്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തും. രണ്‍ദീപ് ഹൂഡ സംവിധാനം ചെയ്ത ‘സ്വാതന്ത്ര്യ വീര്‍ സവര്‍ക്കര്‍’ ആണ് പനോരമയിലെ ഉദ്ഘാടന ചിത്രം.
മെയിന്‍ സ്ട്രീം വിഭാഗത്തില്‍ ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ്, വിനു വിനോദ് ചോപ്രയുടെ 12ത് ഫെയില്‍, നാഗ് അശ്വിന്‍ സംവിധാനം ചെയ്ത് പ്രഭാസ് നായകനായെത്തിയ കല്‍ക്കി 2898 എ.ഡി. എന്നിവയും പ്രദര്‍ശിപ്പിക്കും. ബ്ലെസിയുടെ ആടുജീവിതം, രാഹുല്‍ സദാശിവന്റെ സംവിധാനത്തില്‍ മമ്മൂട്ടി പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഭ്രമയുഗം, അര്‍ഫാസ് അയൂബ് സംവിധാനം ചെയ്ത ലെവല്‍ ക്രോസ് എന്നിവയാണ് ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കുന്ന മലയാള ചിത്രങ്ങള്‍.