ലക്ഷ്യം സൂപ്പര്‍ ഇന്റലിജന്‍സ്, ഓപ്പണ്‍ എഐ സഹസ്ഥാപകന്‍ ഇല്യ സുറ്റ്‌സ്‌കീവര്‍ പുതിയ കമ്പനി ആരംഭിച്ചു

ലക്ഷ്യം സൂപ്പര്‍ ഇന്റലിജന്‍സ്, ഓപ്പണ്‍ എഐ സഹസ്ഥാപകന്‍ ഇല്യ സുറ്റ്‌സ്‌കീവര്‍ പുതിയ കമ്പനി ആരംഭിച്ചു
ലക്ഷ്യം സൂപ്പര്‍ ഇന്റലിജന്‍സ്, ഓപ്പണ്‍ എഐ സഹസ്ഥാപകന്‍ ഇല്യ സുറ്റ്‌സ്‌കീവര്‍ പുതിയ കമ്പനി ആരംഭിച്ചു

പ്പണ്‍ എഐ സഹസ്ഥാപകനും മുന്‍ ചീഫ് സയന്റിസ്റ്റുമായ ഇല്യ സുറ്റ്‌സ്‌കീവര്‍ പുതിയ എഐ കമ്പനി സ്ഥാപിച്ചു. സേഫ് സൂപ്പര്‍ ഇന്റലിജന്‍സ് ഐഎന്‍സി (എസ്എസ്‌ഐ) എന്നാണ് സ്ഥാപനത്തിന്റെ പേര്. സുറ്റ്‌സ്‌കീവര്‍ ഓപ്പണ്‍ എഐ വിട്ടതിന് പിന്നാലെയാണ് പുതിയ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്. മുന്‍ ആപ്പിള്‍ എഐ മേധാവി ഡാനിയേല്‍ ഗ്രോസ്, മുന്‍ ഓപ്പണ്‍ എഐ എഞ്ചിനീയര്‍ ഡാനിയേല്‍ ലെവി എന്നിവരുമായി ചേര്‍ന്നാണ് എസ്എസ്‌ഐയ്ക്ക് തുടക്കമിട്ടിരിക്കുന്നത്.

സുരക്ഷിതവും ശക്തവുമായ എഐ സംവിധാനം വികസിപ്പിക്കുകയാണ് ലക്ഷ്യം. കഴിവുകള്‍ക്കൊപ്പം സുരക്ഷയ്ക്കും കമ്പനി പ്രാധാന്യം നല്‍കും. സുരക്ഷിതമായ സൂപ്പര്‍ ഇന്റലിജന്‍സിലാണ് തങ്ങളുടെ ശ്രദ്ധയെന്നും ലക്ഷ്യമെന്നും അതായിരിക്കും തങ്ങളുടെ ഏക ഉൽപന്നമെന്നും ഇല്യ സുറ്റ്‌സീവര്‍ എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

സുരക്ഷയേക്കാള്‍ ലാഭം കിട്ടുന്ന ഉൽപന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു എന്നാണ് ചാറ്റ് ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍ എഐ നേരിടുന്ന ഏറ്റവും വലിയ വിമര്‍ശനം. ഇല്യ സുറ്റ്‌സ്‌കീവര്‍ ഓപ്പണ്‍ എഐയില്‍ ഉണ്ടായിരുന്ന സമയത്ത് എഐ മോഡലുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഡയരക്ടര്‍മാര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. സുറ്റ്‌സീവര്‍ കമ്പനി വിടുന്നതിലേക്ക് നയിച്ചതും ഈ സംഭവ വികാസങ്ങളാണെന്നാണ് കരുതുന്നത്.

സുരക്ഷയെ മുന്‍നിര്‍ത്തി അത്യാധുനിക എഐ സാങ്കേതിക വിദ്യ ഒരുക്കുക എന്നതില്‍ പ്രതിജ്ഞാ ബദ്ധരാണ് തങ്ങള്‍ എന്ന് പ്രഖ്യാപിച്ചാണ് എസ്എസ്‌ഐയുടെ തുടക്കം. ഒരു ലക്ഷ്യം, ഒരു ഉൽപന്നം എന്നതിലൂടെ സുറ്റ്‌സ്‌കീവര്‍ വ്യക്തമാക്കുന്നത് അതാണ്.

സുരക്ഷിതമായ സൂപ്പര്‍ ഇന്റലിജന്‍സ് നിര്‍മിക്കാനുള്ള ദൗത്യത്തിലായതിനാല്‍ നിലവില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കാനാവുന്ന എഐ ഉൽപന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഓപ്പണ്‍ എഐ, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ ഉള്‍പ്പെടെയുള്ള കമ്പനികളില്‍ നിന്ന് കാര്യമായ സമ്മര്‍ദം എസ്എസ്‌ഐയ്ക്ക് നേരിടേണ്ടി വരില്ല.

Top