ഗോവ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഗോവയ്ക്ക് തകർപ്പൻ ജയം. ഗ്രൂപ്പ് ബിയിൽ അരുണാചൽ പ്രദേശിനെ ഒരിന്നിങ്സിനും 551 റൺസിനുമാണ് ഗോവ തോൽപിച്ചത്. രഞ്ജിയിലെ ഏറ്റവും മികച്ച രണ്ടാമത്തെ ജയമാണിത്. 2022ൽ ഉത്തരാഖണ്ഡിനെതിരേ മുംബൈ നേടിയ 725 റൺസിന്റെ ജയമാണ് ഇതിനേക്കാൾ മെച്ചം. അരുണാചലിന്റെ ഒന്നാമിന്നിങ്സ് സ്കോറായ 84 റൺസിനെതിരേ 727 റൺസ് എന്ന കൂറ്റൻ സ്കോറാണ് ഗോവ ഉയർത്തിയത്.
ട്രിപ്പിൾ സെഞ്ചുറികൾ കൊണ്ട് റെക്കോഡിട്ട കശ്യപ് ബാക്ലെയും സനേഹൽ കൗതാങ്കറും ചേർന്നാണ് ഗോവയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. കശ്യപ് 269 പന്തിൽ നിന്ന് 300 ഉം സ്നേഹൽ 215 പന്തിൽ നന്ന് 314 ഉം റൺസെടുത്ത് പുറത്താകാതെ നിന്നു. പന്ത്രണ്ട് റൺസിന് ആദ്യ വിക്കറ്റും 121 റൺസിന് രണ്ടാം വിക്കറ്റും നഷ്ടമായ ഗോവ രണ്ടിന് 727 റൺസിനാണ് ഒന്നാമിന്നിങ്സ് ഡിക്ലയർ ചെയ്തത്. 606 റൺസിന്റെ രഞ്ജിയിലെ റെക്കോഡ് കൂട്ടുകെട്ടാണ് ഇവർ ചേർത്തത്.