ആഭിചാരക്രിയയുടെ പേരില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടി; യുവാക്കള്‍ പിടിയില്‍

ആഭിചാരക്രിയയുടെ പേരില്‍  സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടി; യുവാക്കള്‍ പിടിയില്‍
ആഭിചാരക്രിയയുടെ പേരില്‍  സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടി; യുവാക്കള്‍ പിടിയില്‍

തൃശൂര്‍: ആഭിചാരക്രിയ നടത്തി യുവതിയെ കബളിപ്പിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയ കേസിലെ പ്രതികള്‍ പിടിയില്‍. ഭര്‍ത്താവുമായി ജീവിച്ചാല്‍ മരണം സംഭവിക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തി അതിന് പരിഹാരമായി ആഭിചാരക്രിയ ചെയ്യുന്നതിനായി യുവതിയുടെ കയ്യില്‍ നിന്നും 15 പവന്‍ സ്വര്‍ണ്ണാഭരണങ്ങളാണ് പ്രതികള്‍ അടിച്ച് മാറ്റിയത്. കേസില്‍ ചാവക്കാട് തിരുവത്ര രായമ്മരക്കാരു വീട്ടില്‍ നാസര്‍ മകന്‍ ജംഷീര്‍ (34) വയസ്സ്, പുന്ന മുണ്ടോക്കില്‍ മുസ്തഫയുടെ മകന്‍ ഫാറൂഖ്.കെപി (34) വയസ്സ് എന്നിവരെയാണ് ചാവക്കാട് പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ പ്രീത ബാബു അറസ്റ്റ് ചെയ്തത്.

പലസമയത്തായാണ് പ്രതികള്‍ പൂജയുടെ പേര് പറഞ്ഞ് യുവതിയില്‍ നിന്നും സ്വര്‍ണ്ണം തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. കുറച്ചുനാള്‍ കഴിഞ്ഞ് സ്വര്‍ണം തിരികെ ചോദിച്ചപ്പോഴാണ് യുവതിക്ക് ചതി മനസിലായത്. തന്റെ കൈയ്യില്‍ നിന്നും വാങ്ങിയ സ്വര്‍ണ്ണം തിരികെ ചോദിച്ച സമയം പരാതിക്കാരിക്ക് റോള്‍ഡ് ഗോള്‍ഡിന്റെ ആഭരണങ്ങള്‍ തിരികെ നല്‍കി വിശ്വാസവഞ്ചന ചെയ്യുകയും ചെയ്തു പ്രതികളെന്ന് പൊലീസ് പറഞ്ഞു. സ്വര്‍ണ്ണം വിറ്റു കിട്ടിയ പൈസ ഉപയോഗിച്ച് തമിഴ്‌നാട് കേന്ദ്രീകരിച്ചുളള ദര്‍ഗ്ഗകളില്‍ ചുറ്റിക്കറങ്ങുകയും ആഢംബര ജീവിതം നയിക്കുന്നതുമാണ് പ്രതികളുടെ രീതി. സിവില്‍ പൊലീസ് ഓഫീസര്‍മാരായ രജനീഷ്, അനസ്, വിനീത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Top