ആഭരണ പ്രേമികൾക്ക് ആശങ്ക ഉയർത്തുകയാണ് സംസ്ഥാനത്തെ സ്വർണവില. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ് ഇന്നും സ്വർണ്ണവില.സ്വർണ്ണം പവന് 56,000 രൂപയും ഗ്രാമിന് 7000 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ വിപണി നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് തിരുത്തി കുറിക്കുകയാണ് ഒരാഴ്ചയായി സ്വർണ്ണവില.കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് സംസ്ഥാനത്തെ സ്വർണ വ്യാപാരം കുതിക്കുകയാണ്. സെപ്റ്റംബർ മാസത്തിൽ സ്വർണവില താഴുമെന്ന് കരുതിയിരുന്നവർക്ക് ആശങ്ക പടർത്തിക്കൊണ്ടാണ് സംസ്ഥാനത്ത് നിരക്ക് കുത്തനെ ഉയരുന്നത്.
രാജ്യാന്തര വിപണിയിലെ വില വർദ്ധനവാണ് സംസ്ഥാനത്തെ വിപണിയിലും സ്വർണത്തിന് വില കൂടാൻ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. അന്താരാഷ്ട്ര വിലയിലെ മുന്നേറ്റമാണ് കേരളത്തിലെയും വില ഉയരാനുള്ള കാരണം. അമേരിക്കയിൽ പലിശ നിരക്ക് കുറയ്ക്കുന്നതിനെ കുറിച്ചുള്ള പ്രതീക്ഷകൾ ഡോളറിൽ സമ്മർദ്ദമുണ്ടാക്കിയതാണ് ഇപ്പോഴത്തെ മുന്നേറ്റത്തിന് കാരണം.