യുഎഇയിൽ സ്വർണവിലയിൽ ഇടിവ്

യുഎഇയിൽ സ്വർണവിലയിൽ ഇടിവ്
യുഎഇയിൽ സ്വർണവിലയിൽ ഇടിവ്

ദുബായ്: സ്വർണ വിപണിയിൽ ഇന്നലെ മാത്രം ഗ്രാമിന് 7 ദിർഹത്തിന്റെ ഇടിവ്. 24 കാരറ്റ് സ്വർണം ഗ്രാമിന് 296.75 (ഏകദേശം 6760 രൂപ) ദിർഹത്തിന് ഇന്നലെ ആരംഭിച്ച വ്യാപാരം വൈകിട്ടോടെ 289.75 ദിർഹമായി ഇടിഞ്ഞു. സമീപകാലത്ത് ഒറ്റ ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ വിലയിടിവാണിതെന്നു വ്യാപാരികൾ പറഞ്ഞു. 22 കാരറ്റിന് 268.25 ദിർഹവും 21 കാരറ്റിന് 259.75 ദിർഹവും 18 കാരറ്റിന് 222.75 ദിർഹവുമാണ് ഇന്നലെ വൈകുന്നേരം വിപണി അവസാനിക്കുമ്പോഴുള്ള വില.

രാജ്യാന്തര വിപണിയിൽ ഔൺസിന് 1.45 ശതമാനത്തിന്റെ ഇടിവുണ്ടായി. വിലയിടിവ് താൽക്കാലിക പ്രതിഭാസമാണെന്നു വിദഗ്ധർ പറഞ്ഞു. മധ്യപൂർവ മേഖലയിലെ യുദ്ധഭീതിയാണ് വിലയിടിവിനു പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. പെട്രോളിയം വിലയിടിവും സ്വർണ വിലയെ സ്വാധീനിച്ചു.

യുഎഇയുടെ സ്വർണ ശേഖര മൂല്യത്തിൽ 19.7% വർധനയുണ്ടായതായി സെൻട്രൽ ബാങ്ക് അറിയിച്ചു. സെൻട്രൽ ബാങ്കിന്റെ ശേഖരത്തിലുള്ള സ്വർണത്തിന്റെ മൂല്യം 2061 കോടി ദിർഹമായി ഉയർന്നു. സ്വർണത്തിന്റെ കരുതൽ ശേഖരം പ്രതിമാസം 1.3% വീതം വർധിക്കുന്നതായും പ്രതിമാസ റിപ്പോർട്ടിൽ പറയുന്നു. 2018ൽ‍ 113 കോടി ദിർഹവും 2019ൽ 444 കോടി ദിർഹവുമായിരുന്നു കരുതൽ സ്വർണത്തിന്റെ മൂല്യം.

Top