CMDRF

സ്വർണ വില: മൂന്ന് മാസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്ക്

സ്വർണ വില: മൂന്ന് മാസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്ക്
സ്വർണ വില: മൂന്ന് മാസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 6400 രൂപ എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. പവന് 51200 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ സ്വർണവിലയിൽ വമ്പൻ ഇടിവാണ് ഉണ്ടായത്. പവന് 760 രൂപയാണ് ഇന്നലെ കുറഞ്ഞത്. മെയ്മാസം 20 ന് സംസ്ഥാനത്ത് സ്വര്‍ണവില പവന് 55120 രൂപയായിരുന്നു. ഇതായിരുന്ന സംസ്ഥാനത്തെ റെക്കോര്‍ഡ് വില. ഇപ്പോള്‍ മൂന്ന്മാസത്തിനിടെയിലെ ഏറ്റവും താഴ്ന്നവിലയാണ് സംസ്ഥാനത്തുള്ളത്.

സ്വർണം വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ചുവെന്ന ബജറ്റ് പ്രഖ്യാപനം വന്നതോട് കൂടി ഇവയുടെ വിലയിൽ കുത്തനെയുള്ള ഇടിവാണ് ഉണ്ടായത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 3800 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6400 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5310 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചകൊണ്ട് 11 രൂപയോളം കുറഞ്ഞു. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 89 രൂപയാണ്.

എന്നാൽ മറ്റൊരുഭാഗത്ത് സംസ്ഥാനത്ത് ഉപയോക്താക്കളെയും വിതരണക്കാരെയും വെട്ടിലാക്കി സ്വര്‍ണത്തിന് പലവില. ഭീമ ജ്വല്ലറി ചെയര്‍മാന്‍ ഡോ.ബി. ഗോവിന്ദന്‍ നയിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എകെജിഎസ്എംഎ) ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുപ്രകാരം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഗ്രാമിന് 6,400 രൂപയും പവന് 51,200 രൂപയുമാണ് എകെജിഎസ്എംഎ ആദ്യം പുറത്തുവിട്ടത്.

ജസ്റ്റിന്‍ പാലത്ര വിഭാഗം നയിക്കുന്ന എകെജിഎസ്എംഎ എന്ന് തന്നെ പേരുള്ള സംഘടനയ്ക്ക് കീഴിലെ വ്യാപാരികള്‍ ഗ്രാമിന് 6,350 രൂപയിലും പവന് 50,800 രൂപയിലുമാണ് കച്ചവടം നടത്തുന്നത്. ഇതും ഇന്നലത്തെ വിലയാണ്. ഇവരും ഇന്ന് വില പരിഷ്‌കരിച്ചിട്ടില്ല. എന്നാല്‍, പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഗ്രാമിന് ഇന്ന് 80 രൂപ കുറച്ച് 6,320 രൂപ നിശ്ചയിച്ചതോടെ (പവന് 50,560 രൂപ) ഡോ. ബി. ഗോവിന്ദന്‍ നയിക്കുന്ന എകെജിഎസ്എംഎയും വിലയില്‍ മാറ്റം വരുത്തി. ഗ്രാമിന് 100 രൂപ കുറച്ച് 6,300 രൂപയാണ് പുതുക്കിയ വില. പവന് 800 രൂപ കുറഞ്ഞ് വില 50,400 രൂപയുമായി.

Top