മനാമ: ബഹ്‌റൈനിൽ സ്വർണ വിലയിൽ പത്ത് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 21 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 26.400 ദിനാറായി ഉയർന്നു. 24 കാരറ്റ് സ്വർണത്തിന്റെ വില ഏകദേശം 30 ബഹ്‌റൈൻ ദിനാറിലെത്തി നിൽക്കുകയാണ്. അതേസമയം സ്വർണ വിലയിലെ കുതിപ്പ് വിപണിയെ സാരമായി ബാധിച്ചു. നിലവിലെ നിരക്കിൽ ഉപഭോക്താക്കൾ പലരും സ്വർണം വാങ്ങാൻ മടിക്കുകയാണ്.
വേനൽ അവധി കാലത്ത് നാട്ടിലേക്ക് പോകുന്നവർ സ്വർണം വാങ്ങുന്നത് പതിവാണ്. എന്നാൽ ഉയർന്ന വിലയെ തുടർന്ന് അത്യാവശ്യക്കാർ അല്ലാതെ മറ്റാരും ആഭരണങ്ങൾ വാങ്ങുന്നില്ലെന്ന് സ്വർണ വ്യാപാരികൾ പറയുന്നു. യുദ്ധങ്ങളും രാഷ്ട്രീയ സംഘർഷങ്ങളും ഉൾപ്പെടെ മേഖലയിലെ അസ്ഥിരമായ സാഹചര്യമാണ് സ്വർണ വിലയിലെ കുതിച്ചുചാട്ടത്തിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു.
ഭാവിയിലേക്കുള്ള സുരക്ഷിത നിക്ഷേപമായാണ് നല്ലൊരു ശതമാനം ആളുകളും സ്വർണം വാങ്ങുന്നത്. അതുകൊണ്ട് തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണം വാങ്ങാനാണ് ആളുകൾ ശ്രമിക്കുന്നതും. പ്രവാസികളെ സംബന്ധിച്ചിടത്തോളം നിക്ഷേപം എന്നതിലുപരി നാട്ടിൽ ലഭിക്കുന്ന സ്വർണത്തെക്കാൾ നിലവാരമുള്ള സ്വർണം ഇവിടെ നിന്നും ലഭിക്കും എന്ന ഗുണവും കൂടിയുണ്ട്.
വിപണിയിൽ താൽക്കാലിക മാന്ദ്യം ഉണ്ടായാലും സ്വർണം നിക്ഷേപകർക്ക് ഒരു ഇഷ്ടപ്പെട്ട മേഖല ആയതു കൊണ്ട് ഭാവിയിലും ഡിമാൻഡ് തുടരുമെന്നാണ് പ്രതീക്ഷ. ആഗോള പ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിക്കപ്പെടുമെന്നും വിപണി ഊർജ്ജസ്വലതയോടെ തിരിച്ചുവരുമെന്നുമാണ് വ്യപാരികൾ പ്രതീക്ഷിക്കുന്നത്.