ഡൽഹി: അന്താരാഷ്ട്ര സ്വർണ്ണക്കടത്ത് സംഘത്തിലെ പ്രധാനിയെന്ന് കരുതുന്ന ആളെ വിദേശത്ത് നിന്നും ഇന്ത്യയിൽ തിരിച്ചെത്തിച്ചു. മുനിയാദ് അലി ഖാൻ എന്നയാളെയാണ് ഇന്റർപോളിന്റെ സഹായത്തോടെ എൻഐഎ യുഎഇയിൽ നിന്ന് തിരിച്ചെത്തിച്ചത്. സൗദി അറേബ്യയിലെ റിയാദിൽ നിന്ന് ഇന്ത്യയിലേയ്ക്ക് സ്വർണ്ണം കടത്തി എന്ന കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) മുനിയാദ് ഖാനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഈ വർഷം ഏപ്രിലിൽ തന്നെ ഇതേ കേസുമായി ബന്ധപ്പെട്ട് മറ്റൊരു പ്രതിയെ കൂടി സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചിരുന്നു. ഷൗക്കത്ത് അലി എന്നയാളെയാണ് ഇന്ത്യയിൽ എത്തിച്ചത്. അതേസമയം ജയ്പൂർ വിമാനത്താവളം വഴി 18 കിലോ ഗ്രാം സ്വർണം കടത്തിയെന്ന കേസിൽ 17 പേർക്ക് എതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. സ്വർണ്ണക്കടത്ത് സംഘങ്ങളെ പിടികൂടാൻ ശക്തമായ അന്വേഷണമാണ് ദേശിയ ഏജൻസികൾ നടത്തുന്നത്.
Also Read: ബലാത്സംഗ കൊലപാതകം; സമരം തുടരുമെന്ന് ജൂനിയർ ഡോക്ടർമാർ
പിടികൂടിയത് സ്വർണക്കട്ടകൾ!
കേസിനാസ്പദമായ സംഭവമുണ്ടായത് 2020 ജൂലൈയിലാണ്. രാജസ്ഥാനിലെ ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് നേരത്തെ സ്വർണക്കട്ടകൾ പിടികൂടിയിരുന്നു. ഈ സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടത്തിയത് മുനിയാദും അനുയായികളുമാണെന്ന് എൻഐഎ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് 2020 സെപ്റ്റംബർ 22ന് എൻഐഎ കേസ് രജിസ്റ്റർ ചെയ്യുകയും 2021 സെപ്റ്റംബർ 13ന് സിബിഐ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു.
Also Read: സീതാറാം യെച്ചൂരിയുടെ നില ഗുരുതരമായി തുടരുന്നു
റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ, നടത്തിയ അന്വേഷണത്തിൽ ഇതോടെ മുനിയാദ് അലി ഖാന്റെ ലൊക്കേഷൻ അന്വേഷണ സംഘം കണ്ടെത്തി. തുടർന്ന് സിബിഐ, എൻഐഎ, ഇന്റർപോൾ എന്നിവ സംയുക്തമായി നടത്തിയ ഒരു വലിയ രഹസ്യ ഓപ്പറേഷനൊടുവിലാണ് മുനിയാദിനെ പിടികൂടിയതും, പിന്നാലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇപ്പോൾ ഇന്ത്യയ്ക്ക് കൈമാറുകയും ചെയ്തിരിക്കുന്നത്. നിലവിൽ എൻഐഎയുടെ കസ്റ്റഡിയിലാണ് പിടിയിലായ മുനിയാദ് അലി ഖാൻ.