ലഖ്നൗ: ഉത്തർപ്രദേശിലെ ഗോണ്ടയിൽ ട്രെയിൻ പാളംതെറ്റിയുണ്ടായ അപകടത്തിൽ മരണം മൂന്നായി. അപകടത്തിൽ 30 പേർക്ക് പരിക്കേറ്റതായും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
15904 നമ്പർ ചണ്ഡീഗഡ്-ദിബ്രുഗഡ് എക്സ്പ്രസ് ആണ് അപകടത്തിൽപ്പെട്ടത്. അസമിലെ ദിബ്രുഗഡിലേക്കുള്ള യാത്രയിലായിരുന്ന ട്രെയിൻ മോട്ടിഗഞ്ച്- ജിലാഹി സ്റ്റേഷനുകൾക്കിടയിൽ പിക്കൗരയിലാണ് പാളംതെറ്റിയത്.
ബുധനാഴ്ച രാത്രി 11.35-നാണ് ചണ്ഡീഗഡിൽനിന്നും ട്രെയിൽ പുറപ്പെട്ടത്. നാല് എസി കോച്ചുകൾ ഉൾപ്പടെ 12 കോച്ചുകൾ അപകടത്തിൽപ്പെട്ടെന്നാണ് വിവരം. നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു.