കുവൈത്ത് സിറ്റി: ഗൂഗിൾ ക്ലൗഡ് ഓഫിസ് ഉടൻ തുറക്കുമെന്ന് കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെൻറ് പ്രമോഷൻ അതോറിറ്റി. രാജ്യത്തെ ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിന് ഗൂഗിളിന്റെ വരവ് സഹായകരമാകുമെന്ന് വാർത്താവിനിമയ കാര്യ മന്ത്രി ഒമർ അൽ ഒമർ പറഞ്ഞു. ‘വിഷൻ-2035’നെ പിന്തുണക്കുന്നതിലെ മറ്റൊരു ചുവടുവെപ്പായാണ് കുവൈത്തിൽ ഓഫിസ് ആരംഭിക്കുന്നതെന്ന് ഗൂഗ്ൾ ക്ലൗഡ് മിഡിൽ ഈസ്റ്റ്, മാനേജിങ് ഡയറക്ടർ അബ്ദുൽറഹ്മാൻ അൽ തഹൈബാൻ പറഞ്ഞു.
സഹകരണം വ്യാപിക്കുന്നതോടെ സർക്കാർ ഏജൻസികളുടെ വിവരവിനിമയ മേഖലയുടെ വികസനത്തിന് വേഗം കൈവരിക്കാനും സാങ്കേതിക വൈദഗ്ധ്യം വർധിപ്പിക്കാനും സൈബർ സുരക്ഷ മെച്ചപ്പെടുത്തുവാനും കഴിയും. സർക്കാർ സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ ത്വരിതപ്പെടുത്താനും ഗൂഗിൾ ക്ലൗഡിൻറെ വരവ് സഹായകരമാകും.
ഡാറ്റ അനലിറ്റിക്സ്, മെഷീൻ ലേണിങ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഇൻഫർമേഷൻ സെക്യൂരിറ്റി സൊലൂഷനുകൾ തുടങ്ങിയ സാങ്കേതിക വിദ്യകളിൽ നൈപുണ്യം വർധിപ്പിക്കാനും ജീവനക്കാരുടെ ഉൽപാദനക്ഷമത വർധിപ്പിക്കാനും ഇത് സഹായകരമാകും. 2023 ജനുവരിയിലാണ് കുവൈത്ത് സർക്കാറുമായി ചേർന്ന് ഗൂഗിൾ ക്ലൗഡ് പ്രവർത്തനമാരംഭിച്ചത്. ഗൂഗിളിൻറെ വരവോടെ ഐ.ടി മേഖലയിൽ വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും മേഖലയിലെ ഐ.ടി ഹബ്ബായി കുവൈത്ത് മാറുമെന്നുമാണ് പ്രതീക്ഷ.