ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് മുന്നേറാനൊരുങ്ങി ഗൂഗിള്‍. പ്രതീക്ഷിച്ചപോലെ ചൊവ്വാഴ്ച ആരംഭിച്ച ഗൂഗിള്‍ ഐഒ കോണ്‍ഫറന്‍സില്‍ എഐ രംഗത്തെ തങ്ങളുടെ വന്‍ പ്രഖ്യാപനങ്ങള്‍ നടത്തിയിരിക്കുകയാണ് ഗൂഗിള്‍. ജെമിനി ഐഐയുടെ അപ്‌ഡേറ്റ് അവതരിപ്പിച്ചതടക്കം തങ്ങളുടെ വ്യവസായങ്ങളിലുടനീളം എഐ എങ്ങനെയെല്ലാം സന്നിവേശിപ്പിക്കുമെന്നും ഗൂഗിള്‍ പ്രഖ്യാപിച്ചു. ജെമിനി 1.5 പ്രോയേക്കാള്‍ മികവുള്ളതും വേഗമേറിയതുമായ ജെമിനി 1.5 ഫ്‌ളാഷ് ഗൂഗിള്‍ അവതരിപ്പിച്ചു. ഇതോടൊപ്പം ഓപ്പണ്‍ മോഡലായ ജെമ്മയുടെ പരിഷ്‌കരിച്ച പതിപ്പായ ജെമ്മ 2.0 യും ഗൂഗിളിന്റെ ആദ്യ വിഷന്‍ ലാംഗ്വേജ് മോഡലായ പാലിജെമ്മയും ഗൂഗിള്‍ അവതരിപ്പിച്ചു. ഉയര്‍ന്ന അളവിലുള്ള വലിയ ജോലികള്‍ ചെയ്യുന്നതിന് വേണ്ടിയാണ് ജെമിനി 1.5 ഫ്‌ളാഷ് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ ജെമിനി 1.5 പ്രോയേക്കാള്‍ ഭാരം കുറവുമാണ്. ഡിസ്റ്റില്ലേഷന്‍ എന്ന് വിളിക്കുന്ന പരിശീലന പ്രക്രിയയിലൂടെ തയ്യാറാക്കപ്പെട്ട ജെമിനി 1.5 ഫലാഷിന്, സമ്മറൈസേഷന്‍, ചാറ്റ് ആപ്ലിക്കേഷനുകള്‍, ഇമേജ് വീഡിയോ കാപ്ഷനിങ്, ദൈര്‍ഘ്യമേറിയ ഡോക്യുമെന്റുകളില്‍ നിന്നും ടേബിളുകളില്‍ നിന്നും ഡാറ്റ എക്സ്ട്രാക്ട് ചെയ്യുക എന്നിവയിലെല്ലാം മികവുണ്ട്. വിഷന്‍ ലാംഗ്വേജ് മോഡലായ പാലി-3 യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ച പാലിജെമ്മ എന്ന ഗൂഗിളിന്റെ ആദ്യ വിഷന്‍ ലാംഗ്വേജ് മോഡലും കമ്പനി അവതരിപ്പിച്ചു. ഗൂഗിള്‍ എഐ സ്റ്റുഡിയോയില്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങളും ശബ്ദവും വീഡിയോയും മികച്ച രീതിയില്‍ പ്രോസസ് ചെയ്യാന്‍ ഇതിനാവും.
ചില പ്രത്യേക ജോലികളില്‍ മികവ് കാണിക്കുന്ന യൂണിവേഴ്സല്‍ എഐ ഏജന്റുകള്‍ നിര്‍മിക്കുന്നതിനുള്ള സൗകര്യം ഒരുക്കാനുള്ള പ്രൊജക്ട് ആസ്ട്ര പദ്ധതിയെ യ കുറിച്ചുള്ള വിവരങ്ങ വിവരങ്ങളും ഗൂഗിള്‍ പങ്കുവെച്ചു. ജെമിനിയില്‍ പരിശീലനം ചെയ്യപ്പെട്ട ഇവയ്ക്ക് വീഡിയോ സ്പീച്ച് ഇന്‍പുട്ടുകള്‍ പ്രോസസ് ചെയ്യാന്‍ കഴിവുണ്ടാവുമെന്ന് കമ്പനി പറയുന്നു. കഴിഞ്ഞ ദിവസം ഓപ്പണ്‍ എഐ അവതരിപ്പിച്ച തത്സമയ വിഡിയോ ഉപയോഗിച്ച് ചാറ്റ് ജിപിടിയോട് സംവദിക്കുന്നതിനുള്ള ഫീച്ചറിന് സമാനമാണിത്. ഇതിന്റെ വിശദാംശങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഇത് ജെമിനി ആപ്പില്‍ ഈ വര്‍ഷം അവസാനത്തോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജെമിനി മോഡലുകളില്‍ കാര്യമായ പുരോഗതിയുണ്ടാക്കാന്‍ സാധിച്ചതായും കൂടുതല്‍ നവീകരണങ്ങള്‍ക്കുള്ള ശ്രമത്തിലാണെന്നും ഗൂഗിള്‍ പറഞ്ഞു. ഇത് കൂടാതെ ഗൂഗിള്‍ മീറ്റില്‍ യോഗങ്ങളുടെ സംഗ്രഹം തയ്യാറാക്കാനും, വര്‍ക്ക് സ്‌പേസില്‍ വിവിധ ജോലികള്‍ ചെയ്യാനും ജെമിനി എഐ ഉപയോഗിക്കാനാവും.