CMDRF

ഗൂഗിളിന്റെ പിക്സല്‍ 8 ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നു

ഗൂഗിളിന്റെ പിക്സല്‍ 8 ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നു
ഗൂഗിളിന്റെ പിക്സല്‍ 8 ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നു

ഡല്‍ഹി: ഗൂഗിളിന്റെ പിക്സല്‍ 8 ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മാണം തുടങ്ങി. പുതിയ പിക്സല്‍ 9 ഫോണുകള്‍ അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പായായിരുന്നു കമ്പനിയുടെ പ്രഖ്യാപനം. പിക്സല്‍ 8 ഫോണുകള്‍ മാത്രമാണ് ഇന്ത്യയില്‍ നിര്‍മിക്കുന്നത്. എക്‌സില്‍ ഗൂഗിള്‍ പങ്കുവെച്ച പോസ്റ്റിലാണ് ഇതെക്കുറിച്ച് പറയുന്നത്.

രാജ്യത്ത് നിര്‍മ്മിച്ച ആദ്യ ബാച്ച് പിക്‌സല്‍ 8 ഫോണുകള്‍ പുറത്തിറങ്ങാന്‍ പോകുന്നുവെന്നായിരുന്നു കമ്പനിയുടെ പോസ്റ്റ്. രാജ്യത്ത് ഏത് കമ്പനിയാണ് ഗൂഗിള്‍ പിക്‌സല്‍ നിര്‍മ്മിക്കുന്നത് എന്നത് ഗൂഗിള്‍ വെളിപ്പെടുത്തിയിട്ടില്ല. ഗൂഗിളിന്റെ ആഗോള നിര്‍മാണ പങ്കാളിയായ കോംപല്‍ പിക്സല്‍ 8 മോഡലുകള്‍ക്ക് വേണ്ടി ഇന്ത്യന്‍ കമ്പനിയായ ഡിക്സണ്‍ ടെക്നോളജീസുമായി സഹകരിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഈ വര്‍ഷം ഒരു കോടി പിക്സല്‍ ഫോണുകള്‍ നിര്‍മിക്കാനാണ് ഗൂഗിളിന്റെ പദ്ധതിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയുമായുള്ള ബന്ധം ശക്തമാക്കുന്നതിനായാണ് ഇത്തരമൊരു നീക്കം. കൂടാതെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും ചെലവ് ചുരുക്കാനും ഈ നീക്കത്തിലൂടെ ഗൂഗിളിന് സാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. മറ്റ് പിക്സല്‍ ഫോണുകളുടെ ഉല്‍പാദനം ഇന്ത്യയില്‍ ആരംഭിക്കുമോ എന്നതില്‍ വ്യക്തതയില്ല. പുതിയ പിക്സല്‍ 9 ഫോണുകളും ഭാവിയില്‍ ഇന്ത്യയില്‍ ഉത്പാദിപ്പിച്ചേക്കും.

Top