സർക്കാർ രൂപീകരണം; വിലപേശലുമായി ജെ.ഡി.യുവും ടി.ഡി.പിയും

സർക്കാർ രൂപീകരണം; വിലപേശലുമായി ജെ.ഡി.യുവും ടി.ഡി.പിയും

ഡൽഹി: സർക്കാർ രൂപീകരണവുമായി എൻഡിഎ മുന്നോട്ടുപോകുമ്പോൾ വകുപ്പ് വിഭജനത്തിൽ വിലപേശി ടിഡിപിയും ജെഡിയുവും. സ്പീക്കർ പദവിയും മൂന്ന് ക്യാബിനറ്റ് മന്ത്രി സ്ഥാനവുമാണ് ടിഡിപിയുടെ ആവശ്യം. മൂന്ന് ക്യാബിനറ്റും ബിഹാറിന് പ്രത്യേക പദവിയുമാണ് നിതീഷ്കുമാറിന്റെ ഡിമാൻഡ്.

ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ സഖ്യകക്ഷികളെ വിശ്വാസത്തിലെടുത്താണ് മുന്നോട്ട് പോകുന്നത്. മൂന്നു ക്യാബിനറ്റ് സ്ഥാനവും ബിഹാറിന് പ്രത്യേക പദവിയുമാണ് നിതീഷ്കുമാറിന്റെ ഡിമാൻഡ്. 12 എം.പിമാരാണ് വിലപേശാനുള്ള ജെഡിയുവിന്റെ ആയുധം. 16 സീറ്റുള്ള ടിഡിപി മൂന്ന് ക്യാബിനറ്റ് സ്ഥാനവും മൂന്നു സഹമന്ത്രി സ്ഥാനവും കൂടാതെ ലോക്സഭാ സ്പീക്കർ കസേര കൂടി ചോദിക്കുന്നുണ്ട്.

ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും പ്രതിപക്ഷം വളരെ ശക്തമാകുകയും ചെയ്ത സാഹചര്യത്തിൽ സ്പീക്കറുടെ തീരുമാനം ഏറെ നിർണായകമാണ്. അത് കൊണ്ട് വിശ്വസ്തനായ ബിജെപി എം.പിയെ സ്പീക്കർ ആക്കാനാണ് മോദിക്ക് താല്പര്യം.

മത്സരിച്ച അഞ്ച് സീറ്റിലും ജയിച്ച എൽജെപി , ഒരു കേന്ദ്രമന്ത്രി സ്ഥാനവും ഒരു സഹമന്ത്രി സ്ഥാനവും ആവശ്യപ്പെടുന്നു. ഏഴ് സീറ്റ് കൈമുതലുള്ള ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ, ഒരു ക്യാബിനറ്റ് പദവിയും ഒരു സഹമന്ത്രി സ്‌ഥാനവും ആവശ്യപ്പെടുന്നു. മൂന്നാം വട്ടം മോദി അധികാരത്തിൽ എത്തുകയാണെങ്കിലും ഘടക കക്ഷികളുടെ സമ്മർദ്ദത്തിന് വഴങ്ങിയുള്ള ഭരണമാകും ഏറെ വെല്ലുവിളി. ആഭ്യന്തരം, ധന വകുപ്പ് ഒഴികെയുള്ള വകുപ്പുകൾ നൽകാൻ ബിജെപി തയ്യാറായിക്കഴിഞ്ഞു.

Top