കേരള പൊലീസിൽ അന്വേഷണ മികവിലൂടെ ശ്രദ്ധേയനായ എം.പി മോഹന ചന്ദ്രനെ ആലപ്പുഴ എസ്പിയാക്കി സർക്കാർ. ചൈത്ര തേരസ ജോണിനെ മാറ്റിയ ഒഴിവിലേക്കാണ് ഈ നിയമനം. ചൈത്രയെ കൊല്ലം സിറ്റി പൊലീസ് കമ്മീഷണറായാണ് നിയമിച്ചിരിക്കുന്നത്. ഇതുൾപ്പെടെ വലിയ മാറ്റമാണ് കേരള പൊലീസിൽ സർക്കാർ വരുത്തിയിരിക്കുന്നത്.
ഏഴ് ജില്ലാ പൊലീസ് മേധാവിമാരെയുമാണ് മാറ്റിയത്. കോഴിക്കോട് റൂറൽ, കാസർകോട്, കണ്ണൂർ റൂറൽ കോട്ടയം, കൊല്ലം, പത്തനംതിട്ട, വയനാട് എസ്പിമാരെയാണ് സ്ഥലംമാറ്റിയത്. തിരുവനന്തപുരത്തും കൊച്ചിയിലും ഇനി മുതൽ ഐപിഎസ് ഉദ്യോഗസ്ഥരായ രണ്ട് ഡിസിപിമാർ വീതം ഉണ്ടാകും.
വിവാദമായ കാഫിർ കേസ് അന്വേഷിച്ചിരുന്ന കോഴിക്കോട് റൂറൽ എസ്പി അരവിന്ദ് സുകുമാറിനെ ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയിരിക്കുന്നത്. കേസിന് മേൽനോട്ടം വഹിച്ചിരുന്ന കണ്ണൂർ റെയ്ഞ്ച് ഡിഐജി തോംസണ്‍ ജോസിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. തൃശൂർ റെയ്ഞ്ചിലേക്കായിരുന്നു മാറ്റം. കോഴിക്കോട് കമ്മീഷണർ രാജ്പാൽ മീണയാണ് പുതിയ കണ്ണൂർ ഡിഐജി. വയനാട് എസ്പിയായ ടി.നാരായണനെ കോഴിക്കോട് കമ്മീഷണറാക്കിയിട്ടുണ്ട്. ഉരുള്‍പൊട്ടലിൽ രക്ഷാപ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നൽകിയ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് എസ്പി തപോഷ് ബസുമത്രിയാണ് പുതിയ വയനാട് ജില്ലാ പൊലീസ് മേധാവി.
നിധിൻ രാജിനെ കോഴിക്കോട് റൂറൽ എസ്പിയായും ഡി ശിൽപ്പയെ കാസർകോട് എസ് പിയായും നിയമിച്ചു. കോട്ടയത്ത് ഷാഹൽ ഹമീദും പത്തനംതിട്ടയിൽ സുജിത് ദാസും എസ്പമാരാകും. തിരുവനന്തപുരത്തും, കൊച്ചിയിലും ഐപിഎസ് റാങ്കിലുള്ള രണ്ട് എസ്പിമാരെ ഡെപ്യൂട്ടി കമ്മീഷണർമാരാക്കി മാറ്റിയിട്ടുണ്ട്. സംസ്ഥാനത്ത് 70 ലധികം എസ്പിമാർ വന്ന സാഹചര്യത്തിലാണ് പുതിയ തസ്തികള്‍ സൃഷ്ടിച്ച് ജൂനിയർ ഐപിഎസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിരിക്കുന്നത്.
അതേസമയം, പുതുതായി ഐ.പി.എസ് ലഭിച്ചവരിൽ മോഹന ചന്ദ്രൻ ഒഴികെ മറ്റാർക്കും ജില്ലയുടെ ക്രമസമാധാന ചുമതല നൽകിയിട്ടില്ലന്നതും ശ്രദ്ധേയമാണ്. 2021 ലെ 12 പേരുടെ പട്ടികയും 2022 ലെ അഞ്ചുപേരുടെ പട്ടികയും ഉൾപ്പെടെ 17 പേർക്കാണ് ഇത്തവണ ഐ.പി.എസ് ലഭിച്ചിരുന്നത്.
നൂറോളം ഗുഡ് സര്‍വീസ് എന്‍ട്രികളാണ് മോഹന ചന്ദ്രൻ തൻ്റെ സർവ്വീസ് കാലയളവിൽ കരസ്ഥമാക്കിയിരുന്നത്. രാഷ്ട്രപതിയുടെ മെഡലിനു പുറമെ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ കുറ്റാന്വേഷണ മികവിന് സംസ്ഥാന പോലീസ് ചീഫിന്റെ ബാഡ്ജ് ഓഫ് ഓണറും അദ്ദേഹം നേടിയിട്ടുണ്ട്.
സി.ആര്‍.പി.എഫ് എസ്.ഐയായി 1990 -ല്‍ കേന്ദ്ര പോലീസ് സേനയില്‍ ചേര്‍ന്ന മോഹനചന്ദ്രൻ ദേശീയ സുരക്ഷാ സേനയുടെ കമാന്റോ പരിശീലനവും ലഭിച്ചിട്ടുണ്ട്. പിന്നീട് എസ്.പി.ജി പരിശീലനവും പൂർത്തിയാക്കുകയുണ്ടായി.
മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ എസ്.പി.ജി സുരക്ഷാസംഘത്തിലും ഈ മലയാളി ഉണ്ടായിരുന്നു. കേരള പോലീസില്‍ എസ്.ഐയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് 1995-ൽ കേന്ദ്രസര്‍വീസില്‍ നിന്നും രാജിവെച്ച് കേരള പോലീസില്‍ എത്തിയിരുന്നത്. സംസ്ഥാനത്തെ വലിയ ബാങ്ക് കവര്‍ച്ചകളായ ചേലേമ്പ്ര, പെരിയ, പൊന്ന്യം, കാന്നാണി, തിരുനാവായ ബാങ്ക് കവര്‍ച്ചാ കേസുകളിലെ പ്രതികളെ പിടികൂടുന്നതിൽ മോഹനചന്ദ്രന്‍ നിർണ്ണായക പങ്കാണ് വഹിച്ചിരുന്നത്.
തിരൂരങ്ങാടി കൊടിഞ്ഞിയിലെ പാത്തുമ്മക്കുട്ടി വധക്കേസിലെ പ്രതി ഇസ്‌ലാം ഖാനെയും സംഘത്തെയും യു.പി മൊറാദാബാദിലെത്തി സാഹസികമായാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പിടികൂടിയിരുന്നത്.
മാറാട് കലാപക്കേസ് അന്വേഷണസംഘത്തിലും മോഹന ചന്ദ്രൻ ഉണ്ടായിരുന്നു. കുനിയില്‍ ഇരട്ടക്കൊലക്കേസ്, നിലമ്പൂര്‍ രാധാവധക്കേസ് എന്നിവ അന്വേഷിച്ച പ്രത്യേക സംഘത്തിലും മോഹന ചന്ദ്രൻ പ്രവർത്തിച്ചു. മതംമാറ്റത്തിന്റെ പേരില്‍ കൊല്ലപ്പെട്ട കൊടിഞ്ഞി ഫൈസല്‍ വധക്കേസ്, ബിബിന്‍ വധക്കേസ്, കാസര്‍ഗോഡ് റിയാസ് മൗലവി വധക്കേസ്, അരീക്കോട് കുനിയില്‍ ഇരട്ടക്കൊലക്കേസ്, ചാവക്കാട് വടക്കെക്കാട് ഷെമീര്‍ വധക്കേസ്, എന്നിവ തെളിയിച്ചതും, മോഹനചന്ദ്രന്റെ അന്വേഷണ മികവിലാണ്.
2009 -ലെ പെരിയ പൊന്ന്യന്‍ കവര്‍ച്ചാക്കേസ് അന്വേഷണത്തിനിടയിൽ തമിഴ്‌നാട് കുറുവ സംഘം നടത്തിയ 12 ബാങ്ക് കവര്‍ച്ചകള്‍ക്കാണ് മോഹന ചന്ദ്രൻ തുമ്പുണ്ടാക്കിയിരുന്നത്. കഞ്ചാവ് വേട്ടയിലും ഈ മികവ് പ്രകടമാണ്. കാസര്‍ഗോട്ടുനിന്നു മാത്രം 600 കിലോ ഗ്രാം കഞ്ചാവാണ് പിടികൂടിയിരുന്നത്. പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പിയായിരിക്കെ നോട്ടു നിരോധനത്തിനു ശേഷം 2 വര്‍ഷം കൊണ്ട് 125 കോടി രൂപയുടെ നിരോധിതനോട്ടുകളാണ് പിടിച്ചെടുത്തിരുന്നത്. നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ക്ക് പുറമെ 110 കോടി രൂപ വിലമതിക്കുന്ന തുര്‍ക്കി കറന്‍സിയും മോഹനചന്ദ്രന്റെ നേതൃത്വത്തിൽ പിടികൂടുകയുണ്ടായി.
നിലമ്പൂര്‍ വനത്തില്‍ പോലീസും മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടൽ സംഘത്തിലും ഈ പോലീസ് ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നു. ആദിവാസി കോളനികളില്‍ ബോധവല്‍ക്കരണവും പ്രചരണവും നടത്തി ആദിവാസികള്‍ മാവോയിസ്റ്റ് ആശയത്തിലേക്ക് വഴിമാറാതിരിക്കാനുള്ള മുന്‍കരുതലും പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പിയും മലപ്പുറം ഇന്റലിജന്‍സ് ഡി.വൈ.എസ്.പിയുമായിരിക്കെ മോഹനചന്ദ്രൻ സ്വീകരിച്ചിരുന്നു.