ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷം അതിരൂക്ഷം. 5 ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇടവേളകളില്ലാതെ തുടരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. 7 ജില്ലകളിലെ ഇന്റര്‍നെറ്റ് നിരോധിച്ച സ്ഥിതിയിലാണ്. സമാധാനം പുനസ്ഥാപിക്കാന്‍ കര്‍ശന നടപടിയെടുക്കണമെന്ന് സുരക്ഷാസേനയ്ക്ക് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. കലാപം ഉണ്ടാക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാനും നിര്‍ദ്ദേശമുണ്ട്.
ബിഷ്ണുപുര്‍ ജില്ലയിലെ വനമേഖലയിലാണ് സുരക്ഷാസേനയും അക്രമികളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. സുരക്ഷയ്ക്ക് നേരെ ആക്രമികള്‍ വെടിയുതിര്‍ത്തു. സുരക്ഷാസേന തിരിച്ചടിച്ചു. 40 വട്ടം വെടി ഉതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷം തുടരുന്ന ജിരിബാമില്‍ നിന്ന് ഇന്ന് 6 മൃതദേഹങ്ങള്‍ കണ്ടെത്തി. കൈകുഞ്ഞ് ഉള്‍പ്പെടെ മൂന്ന് കുട്ടികളുടെയും മൂന്ന് സ്ത്രീകളുടെയും മൃതദേഹങ്ങള്‍ നദിയില്‍ നിന്നാണ് കണ്ടെത്തിയത്.അഴുകി തുടങ്ങിയ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി അസമിലെ സില്‍ച്ചാര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Also Read:ഹൂതികളുടെ സാങ്കേതിക മികവ് ഞെട്ടിക്കുന്നതെന്ന് അമേരിക്ക, വൻ ശക്തികൾക്കും വൻ വെല്ലുവിളി ?
ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം മാത്രമേ കൊല്ലപ്പെട്ടവര്‍ ആരാണെന്ന് സ്ഥിരീകരിക്കാന്‍ കഴിയു. മണിപ്പൂരില്‍ ഒരു കുടുംബത്തില്‍ നിന്ന് ആറുപേരെ വിഘടന വാദികള്‍ തട്ടിക്കൊണ്ടു പോയിരുന്നു. ഇവരുടേതാകാം മൃതദേഹങ്ങള്‍ എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ജിരിബാം ജില്ലയിലെ വിവിധ ഇടങ്ങളില്‍ പ്രതിഷേധമുണ്ടായി.3 എംഎല്‍എമാരുടെ വീടുകള്‍ക്ക് നേരെയും ആക്രമണം നടന്നു.