കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്ന് വി ഡി സതീശന്‍ ആരോപിച്ചു. വേട്ടക്കാരുടെ സ്വകാര്യത സംരക്ഷിക്കുകയാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് നേരത്തേ വായിച്ചിരുന്നെങ്കില്‍ അന്നേ നിയമപരമായ നടപടികള്‍ സ്വീകരിക്കാമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഗുരുതരമായ കുറ്റകൃത്യം നടന്നിട്ട് സിനിമ കോണ്‍ക്ലേവ് നടത്താമെന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി പറയുന്നത്. ഇതൊരു തൊഴിലിടത്തില്‍ നടന്ന ചൂഷണമാണ്. നിരന്തരമായ ചൂഷണ പരമ്പരയാണ് നടന്നത്. പരാതികളുടെ കൂമ്പാരം സര്‍ക്കിരിൻ്റെ കയ്യിലില്ലേ. ആരാണ് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്? ഏത് പരുന്താണ് സര്‍ക്കാരിനും മീതെ പറക്കുന്നത്? ഒരു ക്രിമിനല്‍ ആക്ട് നടന്നാല്‍ അത് പൊലീസില്‍ അറിയിക്കേണ്ടേ? സര്‍ക്കാര്‍ റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ടല്ലോ, ഇതില്‍ കേസെടുക്കാന്‍ ഒരു പരാതിയുടെ ആവശ്യവുമില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചര്‍ച്ചയല്ല ആക്ഷനാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും പ്രതികരിച്ചു. നാലര വര്‍ഷം റിപ്പോര്‍ട്ടിന്മേല്‍ അടയിരുന്നതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. മന്ത്രി സജി ചെറിയാന്റേത് മുടന്തന്‍ ന്യായമാണ്. ഇരകള്‍ക്ക് കോടതിയുടെ സംരക്ഷണമുള്ളതിനാല്‍ പൊലീസിന് കേസെടുക്കാം. വാതിലില്‍ മുട്ടുന്ന വിദ്വാന്‍മാരെ ജനമറിയട്ടെ. സ്‌ക്രീനില്‍ തിളങ്ങുന്നവരുടെ യഥാര്‍ത്ഥ മുഖം ജനം മനസ്സിലാക്കട്ടെ. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസെടുത്തതിനാല്‍ നടിയുടെ അവസരം നഷ്ടമായിട്ടില്ലല്ലോ എന്നും കെ മുരളീധരന്‍ ചോദിച്ചു.
സാങ്കേതികത്വം പറഞ്ഞ് കേസെടുക്കുന്നതില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞ് മാറാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വൈകിച്ചതിനാല്‍ മുഖ്യമന്ത്രി കുറ്റക്കാര്‍ക്കൊപ്പമാണെന്ന് കരുതേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്നലെയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത്. മലയാള സിനിമാ മേഖലയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. വനിതാ പ്രവര്‍ത്തകര്‍ നേരിട്ട കടുത്ത ക്രൂരതകള്‍ വിശദീകരിക്കുന്ന റിപ്പോര്‍ട്ടില്‍ സിനിമയിലെ പ്രമുഖരായ താരങ്ങള്‍ക്കെതിരെയും സംവിധായകര്‍ക്കെതിരെയും നിര്‍മ്മാതാക്കള്‍ക്കെതിരെയും പരാമര്‍ശങ്ങളുണ്ട്. ജുഡീഷ്യല്‍ അധികാരങ്ങളുള്ള ട്രിബ്യൂണല്‍ വേണമെന്ന് റിപ്പോര്‍ട്ടില്‍ ഹേമ കമ്മിറ്റി ആവശ്യപ്പെടുന്നുണ്ട്. വിരമിച്ച വനിതാ ജഡ്ജിമാരെ ട്രിബ്യൂണല്‍ അധ്യക്ഷരാക്കണമെന്നും നിര്‍ദേശമുണ്ട്.