രാജ്യവ്യാപകമായി റോഡ് സുരക്ഷാ ശ്രമങ്ങള്‍ ശക്തമാക്കാനൊരുങ്ങി ഇന്ത്യാ ഗവണ്‍മെന്റ്

രാജ്യവ്യാപകമായി റോഡ് സുരക്ഷാ ശ്രമങ്ങള്‍ ശക്തമാക്കാനൊരുങ്ങി ഇന്ത്യാ ഗവണ്‍മെന്റ്
രാജ്യവ്യാപകമായി റോഡ് സുരക്ഷാ ശ്രമങ്ങള്‍ ശക്തമാക്കാനൊരുങ്ങി ഇന്ത്യാ ഗവണ്‍മെന്റ്

രാജ്യത്തെ ഉയര്‍ന്ന ജനസാന്ദ്രതയുള്ള ഇടനാഴികളിലും ദേശീയ പാതകളിലും അഡ്വാന്‍സ്ഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (എടിഎംഎസ്) നടപ്പിലാക്കിക്കൊണ്ട് ഇന്ത്യാ ഗവണ്‍മെന്റ് രാജ്യവ്യാപകമായി റോഡ് സുരക്ഷാ ശ്രമങ്ങള്‍ ശക്തമാക്കുകയാണെന്ന് റിപ്പോര്‍ട്ട്. 2019ലെ മോട്ടോര്‍ വെഹിക്കിള്‍സ് (ഭേദഗതി) ആക്ട് അനുസരിച്ചാണ് ഈ നടപടി. നിര്‍ണായക മേഖലകളില്‍ റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് ഇലക്ട്രോണിക് നിരീക്ഷണ, എന്‍ഫോഴ്സ്മെന്റ് ഉപകരണങ്ങളുടെ ഉപയോഗം ഈ നിയമം നിര്‍ബന്ധമാക്കുന്നു. സാങ്കേതിക മുന്നേറ്റങ്ങളിലൂടെ റോഡ് സുരക്ഷ വര്‍ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധത ഉയര്‍ത്തിക്കാട്ടിക്കൊണ്ട് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഈ നീക്കമെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ദേശീയ-സംസ്ഥാന പാതകളിലും നിശ്ചിത ജനസംഖ്യാ പരിധിയുള്ള നഗരപ്രദേശങ്ങളിലും സ്പീഡ് ക്യാമറകള്‍, സിസിടിവി ക്യാമറകള്‍, സ്പീഡ് ഗണ്ണുകള്‍, ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ (ANPR) സംവിധാനങ്ങള്‍ തുടങ്ങിയ ഇലക്ട്രോണിക് എന്‍ഫോഴ്‌സ്‌മെന്റ് ഉപകരണങ്ങള്‍ സ്ഥാപിക്കേണ്ടതുണ്ടെന്ന് 2019 ഓഗസ്റ്റില്‍ പ്രാബല്യത്തില്‍ വന്ന ഈ നിയമം വ്യക്തമാക്കുന്നു. ഇതിനെത്തുടര്‍ന്ന്, റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം 2021 ഓഗസ്റ്റില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ളതും ഉയര്‍ന്ന സാന്ദ്രതയുള്ളതുമായ ഇടനാഴികളെ ലക്ഷ്യമിട്ട് പ്രത്യേക നിയമങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.

ഡല്‍ഹി-മീററ്റ് എക്സ്പ്രസ് വേ, ട്രാന്‍സ്-ഹരിയാന, ഈസ്റ്റേണ്‍ പെരിഫറല്‍ എക്സ്പ്രസ് വേ എന്നിവയുള്‍പ്പെടെ പ്രധാന എക്സ്പ്രസ് വേകളില്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) ഇതിനകം എടിഎംഎസ് വിന്യസിച്ചിട്ടുണ്ട്. ഈ സംവിധാനങ്ങള്‍ ദ്രുതഗതിയിലുള്ള സംഭവം കണ്ടെത്തലും ഫലപ്രദമായ ഹൈവേ നിരീക്ഷണവും പ്രാപ്തമാക്കി റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുകയും അതുവഴി ഓണ്‍-സൈറ്റ് സഹായത്തിനുള്ള പ്രതികരണ സമയം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

2023 ഒക്ടോബര്‍ 10-ന് ദേശീയപാതാ അതോറിറ്റി സ്റ്റാന്‍ഡേര്‍ഡ് എടിഎംഎസ് ഡോക്യുമെന്റ് പരിഷ്‌കരിച്ചിരുന്നു. ഇത് എഐ അടിസ്ഥാനമാക്കിയുള്ള വീഡിയോ ഇന്‍സിഡന്റ് ഡിറ്റക്ഷന്‍ ആന്‍ഡ് എന്‍ഫോഴ്സ്മെന്റ് സിസ്റ്റങ്ങളും (VIDES), എപിഐ അടിസ്ഥാനമാക്കിയുള്ള ഇ-ചലാന്‍ ഇഷ്യുവും ഉള്‍പ്പെടെ എടിഎംഎസ് സൊല്യൂഷനുകള്‍ക്കായുള്ള പ്രവര്‍ത്തനപരവും സാങ്കേതികവുമായ സവിശേഷതകള്‍ വിവരിക്കുന്നു. എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ക്ക് തത്സമയ ക്യാമറ ഫീഡുകള്‍ നല്‍കുന്നതിന് ഈ മുന്നേറ്റങ്ങള്‍ രാജ്മാര്‍ഗ് യാത്ര, എന്‍എച്ച്എഐ വണ്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകളുമായി സംയോജിപ്പിച്ചിരിക്കുന്നു.

Top