കണ്ണൂർ എഡിഎം ആയിരിക്കെ ആത്മഹത്യ ചെയ്ത നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഉച്ചക്ക് ഒന്നരയോടെയാണ് ഗവർണർ നവീൻ ബാബുവിന്‍റെ പത്തനംതിട്ടയിലെ വീട്ടിലെത്തിയത്. നവീൻ ബാബുവിന്‍റെ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. ഗവർണരുടെ സന്ദർശനം ഉണ്ടാവുമെന്ന് കഴിഞ്ഞ ദിവസം രാജ്ഭവൻ അറിയിച്ചിരുന്നു.
‘അന്വേഷണത്തിൽ വിശ്വാസമുണ്ട്. ഇടപെടേണ്ട സാഹചര്യം വന്നാൽ ഉറപ്പായും ഇടപെടും. പ്രധാനമായും ഞാനിവിടെ വന്നിരിക്കുന്നത് അവരെ ആശ്വസിപ്പിക്കാനും അനുശോചനം അറിയിക്കാനുമാണ്. അവരുടെ ദു:ഖത്തിൽ ഞാനും പങ്കുചേരുന്നു. അവർക്ക് നഷ്ടപ്പെട്ടത് അവരുടെ കുടുംബനാഥനെയാണ്. അവർക്കൊപ്പമുണ്ടെന്ന് പറയാൻ, അവരെ ആശ്വസിപ്പിക്കാനാണ് ഞാനിവിടെ വന്നത്’ -ഗവർണർ പറഞ്ഞു.
Also Read: മുസ്‌ലിം പുരുഷന് ഒന്നിലേറെ വിവാഹം രജിസ്റ്റർ ചെയ്യാം
അതേ സമയം, നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഇന്നലെ കളക്ടറുടെ മൊഴിയെടുത്തിരുന്നു. രാത്രി ഔദ്യോഗിക വസതിയിൽ എത്തിയായിരുന്നു കളക്ടറുടെ മൊഴിയെടുപ്പ് നടത്തിയത്. നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച വിവാദ യാത്രയയപ്പ് യോഗത്തിലേക്ക് മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യയെ ക്ഷണിച്ചിരുന്നില്ലെന്ന് ആവര്‍ത്തിക്കുകയാണ് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ.
നവീന്‍ ബാബുവിനെതിരായ ആരോപണത്തെ കുറിച്ച് തനിക്ക് നേരത്തെ ഒരു അറിവുമുണ്ടായിരുന്നില്ല. നവീൻ ബാബുവുമായി ഉണ്ടായിരുന്നത് വളരെ നല്ല ബന്ധമാണെന്നും കളക്ടർ മാധ്യമങ്ങളോട് പ്രതികരിച്ചു. യോഗത്തിന് മുൻപ് ദിവ്യ വിളിച്ചിരുന്നുവെന്നും കോള്‍ രേഖകൾ ഉൾപ്പെടെ അന്വേഷണ സംഘത്തിന് കൈമാറിയെയെന്നും അരുൺ കെ വിജയൻ കൂട്ടിച്ചേര്‍ത്തു.