ഡൽഹിയിൽ ‘അതീവ ജാഗ്രത’ നിർദേശവുമായി ഗവർണർ വി.കെ.സക്സേന

നിയമവിരുദ്ധ കുടിയേറ്റക്കാരുടെ എണ്ണത്തിൽ ‘വർധന’ ഉണ്ടെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണു നടപടി

ഡൽഹിയിൽ ‘അതീവ ജാഗ്രത’ നിർദേശവുമായി ഗവർണർ വി.കെ.സക്സേന
ഡൽഹിയിൽ ‘അതീവ ജാഗ്രത’ നിർദേശവുമായി ഗവർണർ വി.കെ.സക്സേന

ന്യൂഡൽഹി: തലസ്ഥാനത്ത് അനധികൃത കുടിയേറ്റക്കാർ കൂടുന്നതിൽ ‘അതീവ ജാഗ്രത’ പാലിക്കണമെന്നു പൊലീസിനോടു നിർദേശിച്ച് ഡൽഹി ലഫ്. ഗവർണർ വി.കെ.സക്സേന. ഡൽഹിയിൽ നിയമവിരുദ്ധ കുടിയേറ്റക്കാരുടെ എണ്ണത്തിൽ ‘വർധന’ ഉണ്ടെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണു നടപടി. ഒരു മാസത്തെ പ്രത്യേക പരിശോധനാ യജ്ഞത്തിനാണു നിർദേശം.

വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ ആധാർ, വോട്ടർ ഐഡി തുടങ്ങിയ തിരിച്ചറിയൽ രേഖകൾ തയാറാക്കുന്നതിനു ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകളിൽ ലഫ്. ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ആശങ്ക പ്രകടിപ്പിച്ചു.

Also Read: ആരോഗ്യവകുപ്പിനെ നയിക്കാ‍ൻ റോബർട്ട് കെന്നഡി അയോഗ്യനെന്ന് വിവാദം

ചീഫ് സെക്രട്ടറി, പൊലീസ് കമ്മിഷണർ, എംസിഡി കമ്മിഷണർ, എൻ‌ഡി‌എം‌സി ചെയർമാൻ എന്നിവർക്കു ലഫ്. ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ഇക്കാര്യങ്ങൾ വിശദീകരിച്ച് കത്തെഴുതി. ‘‘നിയമവിരുദ്ധ കുടിയേറ്റക്കാർക്ക് വോട്ടർ ഐഡി കാർഡ് കിട്ടിയാൽ, നമ്മുടെ രാജ്യത്തു വോട്ടുചെയ്യാനുള്ള അവകാശം എന്ന ഏറ്റവും ശക്തമായ ജനാധിപത്യ അവകാശം ലഭിക്കും.

നിയമവിരുദ്ധ കുടിയേറ്റക്കാർക്ക് അത്തരം അവകാശങ്ങൾ നൽകുന്നത് ഒരു ഇന്ത്യൻ പൗരനും അംഗീകരിക്കാനാവില്ല. അത്തരം നീക്കങ്ങൾ ദേശീയ സുരക്ഷയ്ക്കു ഹാനികരമാകും’’– കത്തിൽ പറയുന്നു. തിരിച്ചറിയൽ രേഖകൾക്കായി അപേക്ഷിക്കുന്ന ആളുകളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കാൻ ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് ഡിവിഷനൽ കമ്മിഷണർ മുഖേന നിർദേശം നൽകണമെന്നും കത്തിലുണ്ട്.

Top