കണ്ണൂര്‍: പാനൂര്‍ സ്ഫോടനക്കേസില്‍ പ്രതികളില്‍ ഡിവൈഎഫ്ഐക്കാര്‍ ഉണ്ടെങ്കില്‍ നടപടിയെടുക്കേണ്ടത് അവര്‍ തന്നെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍. അക്കാര്യം ഡിവൈഎഫ്‌ഐ നേതൃത്വത്തോട് ചോദിക്കണം.ഡിവൈഎഫ്ഐ സി.പി.എമ്മിന്റെ പോഷക സംഘടനയല്ല. സിപിഎമ്മിന് പോഷക സംഘടനകള്‍ ഇല്ല. അറസ്റ്റിലായവരില്‍ പാര്‍ട്ടി റെഡ് വളണ്ടിയര്‍ ടീം ക്യാപ്റ്റന്‍ ഉള്ളത് പരിശോധിക്കുമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.
പ്രതികളായവര്‍ കേസില്‍ ഉള്‍പ്പെട്ടതിനെ സന്നദ്ധപ്രവര്‍ത്തനമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടിക്ക് ബോംബ് നിര്‍മാണവുമായി ബന്ധമില്ല. പാര്‍ട്ടിക്ക് ബോംബുണ്ടാക്കേണ്ട കാര്യമില്ല. നന്ദകുമാറിനെ വിശ്വസിക്കാന്‍ കഴിയില്ല. മുഴുവനായും തള്ളാനും കഴിയില്ല. രാജ്യസുരക്ഷയെ ചോര്‍ത്തി കൊടുക്കുന്ന പ്രവര്‍ത്തനമാണ് നടന്നത്. വിഷയം ഗൗരവപൂര്‍വ്വം പരിശോധിക്കണം. ഏത് ഏജന്‍സിയായാലും ശക്തമായ അന്വേഷണം നടക്കണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.
സുല്‍ത്താന്‍ബത്തേരിയുടെ പേര് മാറ്റും എന്ന കെ. സുരേന്ദ്രന്റെ പ്രസ്താവന ഫാസിസത്തിന്റെ ഭാഗമാണെന്ന് ഗോവിന്ദന്‍ പ്രതികരിച്ചു. സുരേന്ദ്രന്‍ ജയിച്ചാലും പേരുമാറ്റം നടക്കില്ല. ഫാസിസം കേരളത്തില്‍ വിലപ്പോവില്ലന്നും ഗോവിന്ദന്‍ പറഞ്ഞു.