തിരുവനന്തപുരം: പരിചരിച്ച രോഗിയില്‍ നിന്ന് നിപ വൈറസ് ബാധിച്ച ആരോഗ്യ പ്രവര്‍ത്തകന്‍ ടിറ്റോ തോമസിന് വിദഗ്ധ ചികിത്സ നൽകാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്ത്.
ടിറ്റോ തോമസിന്‍റേത് മനസ്സുലയ്ക്കുന്ന വാര്‍ത്തയാണെന്ന് പറഞ്ഞ വി ഡി സതീശൻ, നിപ വൈറസിനെതിരായ പോരാട്ടത്തിന്‍റെ ജീവിക്കുന്ന രക്തസാക്ഷിയായി ടിറ്റോ മാറരുതെന്നും ചൂണ്ടികാട്ടി.
24 വയസേയുള്ളൂ ടിറ്റോയ്ക്ക്. ടിറ്റോ ജോലി ചെയ്തിരുന്ന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തന്നെയാണ് അദ്ദേഹത്തിന്റെ ചികിത്സ നടക്കുന്നത്. സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണം. വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ സംസ്ഥാനത്തിന് വെളിയിലേക്ക് കൊണ്ടു പോകണമെന്ന് ടിറ്റോയുടെ ബന്ധുക്കള്‍ക്ക് താല്‍പര്യമുണ്ട്.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കണം. ഏത് വിധേനയും ടിറ്റോയെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരാന്‍ എല്ലാ ശ്രമവും നടത്തണം. ടിറ്റോ ജീവിതം തുടങ്ങിയിട്ടേയുള്ളു. നിസ്വാര്‍ഥ സേവനം നടത്തിയ ഒരാളെ നമ്മള്‍ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുകയാണ് വേണ്ടതെന്നും വി.ഡി സതീശൻ പറഞ്ഞു.