തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് തന്നെയാണ് സർക്കാർ നിലപാടെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. സർക്കാരിന് ഇക്കാര്യത്തിൽ ഒന്നും ഒളിച്ചുകളിക്കാനില്ലെന്നും റിപ്പോർട്ട് പുറത്തുവിടേണ്ടത് ഇൻഫോർമേഷൻ ഉദ്യോഗസ്ഥരെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടും. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി നല്‍കി ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതിന് പിന്നാലെയാണ് സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടുമെന്ന് വ്യക്തമാക്കിയത്. റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മലയാള സിനിമാ മേഖലയില്‍ നടിമാര്‍ നേരിടുന്ന ലൈംഗികാതിക്രമം ഉള്‍പ്പടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയവർക്ക് റിപ്പോര്‍ട്ടിന്റെ സോഫ്റ്റ് കോപ്പി ഇമെയിലില്‍ ലഭ്യമാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സ്റ്റേറ്റ് പബ്ലിക് ഇന്‍ഫോര്‍മേഷന്‍ ഓഫീസറാണ് വിവരം കൈമാറുക. പുറത്തുവിടുമെന്ന് അറിയിച്ചിരുന്ന റിപ്പോര്‍ട്ടിലെ 233 പേജും സ്‌കാന്‍ ചെയ്ത് പിഡിഎഫ് ഫോര്‍മാറ്റിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ സോഫ്റ്റ് കൈമാറുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.