ന്യൂഡല്‍ഹി: കോച്ചിങ് സെന്ററിന്റെ ബേസ്‌മെന്റില്‍ മൂന്ന് സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥികള്‍ മുങ്ങി മരിച്ച സംഭവത്തിന് പിന്നാലെ കോച്ചിങ് സെന്ററുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരുമെന്ന് ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി അതിഷി പറഞ്ഞു. ഐ.ഇ.എസ് സ്റ്റഡി സര്‍ക്കിള്‍ കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ദുരന്തത്തെ തുടര്‍ന്ന് 30 കോച്ചിങ് സെന്ററുകളുടെ ബേസ്‌മെന്റുകള്‍ സീല്‍ ചെയ്തതായും 200 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതായും അതിഷി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. അതേസമയം വിദ്യാര്‍ത്ഥികളോട് നേരിട്ട് സംസാരിച്ച് അവരുടെ ആവശ്യങ്ങള്‍ മനസിലാക്കിയ ശേഷം കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ട് റെഗുലേഷന്‍ ആക്റ്റ് കൊണ്ടുവരുമെന്ന് ഡല്‍ഹി മേയര്‍ ഷെല്ലി ഒബ്‌റോയ് പറഞ്ഞു.
നിയന്ത്രണങ്ങള്‍ രൂപീകരിക്കുന്നതിന് കോച്ചിങ് സെന്ററുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്ന ഒരു കമ്മിറ്റിയെ സര്‍ക്കാര്‍ രൂപീകരിക്കും. ഈ ദുരന്തത്തിന് കാരണമായത് ഡ്രെയിനേജ് ഏരിയ കയ്യേറിയതാണ്. അതോടെ വെള്ളത്തിന് ഒഴുകി പോകാന്‍ ഇടമില്ലാതായി തുടര്‍ന്ന് കോച്ചിങ് സെന്ററില്‍ വെള്ളം പൊങ്ങുകയായിരുന്നു. പ്രദേശത്തെ ഡ്രെയിനേജ് സംവിധാനത്തില്‍ വന്തോതില്‍ ചെളി നിറഞ്ഞതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും അതിഷി പറഞ്ഞു. ജല സംഭരണിയായി ഉപയോഗിക്കുന്നതിന് മാത്രം അനുമതിയുള്ള കെട്ടിടത്തിന്റെ ബേസ്‌മെന്റ് ലൈബ്രറിയായി ഉപയോഗിച്ചു. സംഭവത്തില്‍ ജൂനിയര്‍ എഞ്ചിനീയര്‍ എം.സി.ഡിയെ പിരിച്ചുവിട്ടതായും അസിസ്റ്റന്റ് എന്‍ജിനീയറെ സസ്‌പെന്‍ഡ് ചെയ്തതായും അതിഷി കൂട്ടിച്ചേര്‍ത്തു.