തിരുവനന്തപുരം: നിയമസഭാ, തദേശ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വർധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ക്ഷേമ പെൻഷൻ 2500 രൂപ ആക്കുന്നതിനൊപ്പം വീട്ടമ്മമാർക്കും പെൻഷൻ അനുവദിക്കും എന്നായിരുന്നു തിരഞ്ഞെടുപ്പിന് മുന്നോടിയായുണ്ടായിരുന്ന സർക്കാർ വാഗ്ദാനം. എന്നാൽ പ്രകടന പത്രികയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന വാഗ്ദാനം അടുത്ത ബജറ്റിലെങ്കിലും അനുവദിച്ചില്ലെങ്കിൽ തദേശ–നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സർക്കാരിന് അത് വലിയ ക്ഷീണമാകും.
നിലവിലെ സാമ്പത്തിക പ്രതിസന്ധി പെൻഷൻ വിതരണത്തിന് വിലങ്ങുതടിയാകുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ക്ഷേമ പെൻഷൻ മുടങ്ങിയത് തിരിച്ചടിയായെന്നായിരുന്നു പാർട്ടി വിലയിരുത്തൽ. സംസ്ഥാനത്തെ 62 ലക്ഷം ആളുകളാണ് സര്‍ക്കാര്‍ സാമൂഹിക സുരക്ഷാപെന്‍ഷനെ ആശ്രയിക്കുന്നത്. പ്രതിമാസം പെൻഷൻ ഇനത്തിൽ പ്രതിവര്‍ഷം സംസ്ഥാനത്തിന് വേണ്ടിവരുന്നത് 9000 കോടി രൂപയാണ്.
കേന്ദ്രനയം മൂലമാണ് സംസ്ഥാനത്തെ ക്ഷേമപെന്‍ഷന്‍ വിതരണം കൃത്യമായി വിതരണം ചെയ്യുന്നതില്‍ വീഴ്ച സംഭവിക്കുന്നതെന്നാണ് ധനവകുപ്പിന്റെ അഭിപ്രായം. പെന്‍ഷന്‍ കമ്പനിയിലൂടെ പുതിയതായി പെന്‍ഷന്‍ സമാഹരണം നടത്തി ക്ഷേമപെന്‍ഷന്‍ സമയബന്ധിതമായി ജനങ്ങളിലേക്ക് എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നില്ല. പെന്‍ഷന്‍ കമ്പനിയുടെ ഈ ധനസമാഹരണത്തെ സര്‍ക്കാരിന്റെ പൊതുകടമായി കണക്കാക്കി പെന്‍ഷന്‍ വിതരണത്തിനു തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നാണ് ധനവകുപ്പിന്റെ വിശദീകരണം.