തിരുവനന്തപുരം: ചാന്‍സലറായ ഗവര്‍ണര്‍ ആറ് സര്‍വകലാശാലകളില്‍ സ്വന്തം നിലക്ക് വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപവല്‍കരിച്ചതോടെ പ്രതിസന്ധി മറികടക്കാന്‍ നിയമവഴി തേടാൻ സര്‍ക്കാര്‍. സെര്‍ച്ച് കമ്മിറ്റിയില്‍ സര്‍വകലാശാല പ്രതിനിധിയില്ലാത്തത് തന്നെയായിരിക്കും ഗവര്‍ണറുടെ ഉത്തരവിനെ ചോദ്യംചെയ്യാന്‍ ഉപയോഗിക്കുക.
വിസി നിയമന സെര്‍ച്ച് കമ്മിറ്റി ഘടന മാറ്റാന്‍ നിയമസഭ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയച്ചിരുന്നു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ നല്‍കിയ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്. ബില്ലില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാത്തതും സര്‍ക്കാര്‍ നല്‍കിയ കേസ് സുപ്രീംകോടതിയിലുള്ളതുമായിരിക്കും ഗവര്‍ണറുടെ നീക്കത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ഉയര്‍ത്തുന്ന പ്രധാന വാദം.
അഡ്വക്കേറ്റ് ജനറലിന്റൈ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടി. ചാന്‍സലറായ ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്ത് സര്‍വകലാശാലകള്‍ക്ക് കോടതിയെ സമീപിക്കാന്‍ പരിമിതിയുള്ളതിനാല്‍ വിജ്ഞാപനത്തെ ഏതെങ്കിലും സര്‍വകലാശാലകള്‍ ചോദ്യം ചെയ്യാനുള്ള സാധ്യത കുറവാണ്. എന്നാല്‍ സര്‍വകലാശാല സെനറ്റ്, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് ചാന്‍സലറുടെ നടപടിയെ കോടതിയില്‍ ചോദ്യം ചെയ്യാനാകും.
നേരത്തേ കേരള സര്‍വകലാശാലയില്‍ വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി സര്‍വകലാശാല പ്രതിനിധിയില്ലാതെ രൂപവല്‍കരിച്ചതിനെതിരെ സെനറ്റംഗങ്ങളാണ് കോടതിയെ സമീപിച്ചതും വിജ്ഞാപനം കോടതി റദ്ദാക്കിയതും.
ആറ് സര്‍വകലാശാലകളിലേക്ക് വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപവല്‍കരിച്ച് വിജ്ഞാപനം ഇറക്കിയതിനെ സര്‍ക്കാരോ സര്‍വകലാശാല പ്രതിനിധികളോ ചോദ്യം ചെയ്താല്‍ പ്രതിരോധിക്കാനുള്ള മുന്നൊരുക്കവും രാജ്ഭവന്‍ നടത്തിയിട്ടുണ്ട്. ആറ് തവണ കേരള സര്‍വകലാശാലയില്‍നിന്ന് സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ തേടി രാജ്ഭവന്‍ കത്ത് നല്‍കിയിട്ടുണ്ട്. മറ്റു സര്‍വകലാശാലകളില്‍നിന്ന് പലതവണ കത്ത് നല്‍കിയിട്ടും സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് പ്രതിനിധിയെ നല്‍കാതിരുന്നത്.
സംഘ്പരിവാര്‍ നോമിനികളെ സര്‍വകലാശാല വിസിമാരായി നിയമിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് രാജ്ഭവന്‍ നീക്കമെന്നാണ് സൂചന. ഗവര്‍ണറായ ആരിഫ് മുഹമ്മദ് ഖാന്റെ കാലാവധി കഴിയുംവരെ പ്രതിനിധിയെ നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. സ്വന്തം നിലക്ക് സെര്‍ച്ച് കമ്മിറ്റി രൂപവല്‍കരിച്ചുള്ള ഗവര്‍ണറുടെ നീക്കത്തോടെ സര്‍ക്കാര്‍ -രാജ്ഭവന്‍ നിയമപോരാട്ടത്തിന്റെ അടുത്തഘട്ടമായിരിക്കും തുറക്കുക.