എസ്ബിഐ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സര്‍ക്കാര്‍

എസ്ബിഐ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സര്‍ക്കാര്‍
എസ്ബിഐ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സര്‍ക്കാര്‍

മുംബൈ: സ്റ്റേറ്റ് ബാങ്കിന്റെ സന്ദേശമെന്ന രീതിയില്‍ ഉപഭോക്താക്കളിലേക്ക് എത്തുന്ന ചില സന്ദേശങ്ങള്‍ വ്യാജമെന്ന് ചൂണ്ടിക്കാട്ടി, ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്റ്റ് ചെക്ക് യൂണിറ്റ്. എസ്ബിഐ റിവാര്‍ഡ് പോയിന്റുകള്‍ വീണ്ടെടുക്കാന്‍ സഹായിക്കുമെന്ന് അവകാശപ്പെട്ട് തട്ടിപ്പുകാര്‍ എസ്എംഎസ്, വാട്ട്സ്ആപ്പ് എന്നിവ വഴി സന്ദേശങ്ങള്‍ അയക്കുന്നുണ്ടെന്ന് പിഐബി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എസ്ബിഐ ഒരിക്കലും ലിങ്കുകളോ മറ്റ് റിവാര്‍ഡുകളോ എസ്എംഎസ് വഴിയോ വാട്ട്സ്ആപ്പ് വഴിയോ അയയ്ക്കില്ലെന്ന് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്, അത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ അറിയാത്ത ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യരുതെന്ന് ബാങ്ക് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

”സൂക്ഷിക്കുക! എസ്ബിഐ റിവാര്‍ഡുകള്‍ റിഡീം ചെയ്യാന്‍ ഒരു ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുന്ന ഒരു സന്ദേശം നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോ എസ്ബിഐ ഒരിക്കലും എസ്എംഎസ്/ വാട്‌സ്ആപ് വഴി ലിങ്കുകളോ ഫയലുകളോ അയയ്ക്കില്ല, അജ്ഞാത ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ അത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യരുത്,” എന്ന് പിഐബി പോസ്റ്റ് ചെയ്തിട്ടുണ്ട്.


തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴികള്‍ ചുവടെ:

  • നിങ്ങള്‍ക്ക് അറിയാത്ത നമ്പറുകളില്‍ നിന്നും വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ വ്യക്തിഗത വിവരങ്ങള്‍ നല്‍കുയോ ചെയ്യരുത്.
  • യഥാര്‍ത്ഥ യുആര്‍എല്‍ പരിശോധിക്കാന്‍ ക്ലിക്ക് ചെയ്യാതെ ലിങ്കുകള്‍ക്ക് മുകളില്‍ സ്‌ക്രോള്‍ ചെയ്യുക.
  • പരിചിതമല്ലാത്തതോ അക്ഷരത്തെറ്റുള്ളതോ ആയ സന്ദേശങ്ങള്‍ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക.
  • പാസ്വേഡുകളോ ക്രെഡിറ്റ് കാര്‍ഡ് നമ്പറുകളോ വ്യക്തിഗത വിവരങ്ങളോ എസ്എംഎസ് വഴി പങ്കിടുന്നത് ഒഴിവാക്കുക
  • രണ്ട് തവണയുള്ള വെരിഫിക്കേഷന്‍ എന്ന ഓപ്ഷന്‍ ഓണ്‍ ചെയ്തിടുക, ഇത് നിങ്ങളുടെ അക്കൗണ്ടുകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം നല്‍കുന്നു.
  • സൗജന്യ വൈഫൈ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കുക. പബ്ലിക് വൈഫൈ നെറ്റ്വര്‍ക്കുകള്‍ സുരക്ഷിതമല്ലാത്തതിനാല്‍ ഇതുവഴി വിവരങ്ങള്‍ ചോര്‍ത്തുന്നത് ഹാക്കര്‍മാര്‍ക്ക് എളുപ്പമാണ്.
Top