മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന ഗ്രഹാം തോര്‍പ്പിന്റെ മരണം ട്രെയിന്‍ ഇടിച്ചെന്ന് കണ്ടെത്തല്‍

മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന ഗ്രഹാം തോര്‍പ്പിന്റെ മരണം ട്രെയിന്‍ ഇടിച്ചെന്ന് കണ്ടെത്തല്‍
മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന ഗ്രഹാം തോര്‍പ്പിന്റെ മരണം ട്രെയിന്‍ ഇടിച്ചെന്ന് കണ്ടെത്തല്‍

ഡല്‍ഹി: മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന ഗ്രഹാം തോര്‍പ്പിന്റെ മരണം ട്രെയിന്‍ ഇടിച്ചാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തല്‍. ഓഗസ്റ്റ് നാല് ഞായറാഴ്ച രാവിലെ 8.30ന് എഷര്‍ റെയില്‍വേ സ്‌റ്റേഷനില്‍വെച്ചാണ് അപകടമുണ്ടായത്. ട്രെയിന്‍ ഇടിച്ചതിനെത്തുടര്‍ന്നാണ് മരിച്ചതെന്നും ഗുരുതരമായ പരിക്കുകളുണ്ടായിരുന്നെന്നും മരണകാരണം സംബന്ധിച്ച വിസ്താരത്തിനിടെ കോടതി വ്യക്തമാക്കി.

ശരീരത്തിലേറ്റ നിരവധി പരിക്കുകളാണ് മരണകാരണമായതെന്ന് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനായ സൈമണ്‍ വിക്കന്‍സ് അറിയിച്ചു. സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചിരുന്നു. മരണത്തില്‍ ദുരൂഹതകളില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓഗസ്റ്റ് നാലിന് രാവിലെ 8.26-നാണ് അപകടമുണ്ടാവുന്നത്. അപകടം നടന്നയുടന്‍തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എത്തിയിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു. എന്നാല്‍ മരിച്ച വ്യക്തിയുടെ പേരുവിവരങ്ങള്‍ അപ്പോള്‍ വെളിപ്പെടുത്തിയിരുന്നില്ല.

ഗ്രഹാം തോര്‍പ്പ് ആത്മഹത്യ ചെയ്തതാണെന്ന വെളിപ്പെടുത്തലുമായി കഴിഞ്ഞദിവസം ഭാര്യ അമാന്‍ഡ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കടുത്ത വിഷാദത്തിലായിരുന്നെന്നും ചികിത്സകളൊന്നും ഫലം കണ്ടില്ലെന്നും അവര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. മുന്‍പും ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായും അതിന്റെ ഫലമായി ദീര്‍ഘകാലം ഐ.സി.യു.വില്‍ കിടന്ന കാര്യവും അവര്‍ പറഞ്ഞു.

12 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറില്‍ 100 ടെസ്റ്റുകളും 82 ഏകദിനങ്ങളും കളിച്ചിട്ടുള്ള തോര്‍പ് ഇടംകൈയന്‍ ബാറ്ററും വലംകൈയന്‍ ബൗളറുമായിരുന്നു. 189 ഫസ്റ്റ്ക്ലാസ് മത്സരങ്ങളും അദ്ദേഹം കളിച്ചു. 2005-ലാണ് വിരമിച്ചത്. സറേ ക്ലബിനും രാജ്യത്തിനുംവേണ്ടി ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചു.

1993-ല്‍ ഓസ്‌ട്രേലിയക്കെതിരേ ടെസ്റ്റ് അരങ്ങേറ്റത്തില്‍ രണ്ടാംഇന്നിങ്‌സില്‍ തോര്‍പ് പുറത്താവാതെ 114 റണ്‍സ് നേടി. 2002-ല്‍ ന്യൂസീലന്‍ഡിനെതിരേ പുറത്താകാതെ 200 റണ്‍സ് നേടിയതാണ് മികച്ച ടെസ്റ്റ് പ്രകടനം.

Top