കോഴിക്കോട്: അമ്മൂമ്മയെയും അവരുടെ പേരമകളെയും ഇടിച്ചിട്ട് കടന്നുപോയതാണ് ആ കാർ. അപകടത്തിൽ അമ്മൂമ്മ മരണപ്പെട്ടു, എന്നാൽ പേരമകൾ ഒമ്പതുവയസ്സുകാരി ദൃഷാന ആറുമാസമായി അബോധാവസ്ഥയിൽ കഴിയുന്നു. ഇടിച്ചിട്ട കാർ കണ്ടെത്താൻ ആദ്യം വടകര പോലീസും പിന്നെ ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും കാർ ഇപ്പോഴും കാണാമറയത്ത് തന്നെ.
തലശ്ശേരിയിലെ പന്ന്യന്നൂർ പഞ്ചായത്ത് ഓഫീസിനുസമീപം പുത്തലത്ത് ബേബി (62) മരിക്കുകയും മകളുടെ മകൾ ദൃഷാനയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിലാണ് ആറുമാസം കഴിഞ്ഞിട്ടും കാർ കണ്ടെത്താൻ കഴിയാത്തത്. വിഷയത്തിൽ ഇപ്പോൾ ഹൈക്കോടതിയും മനുഷ്യാവകാശ കമ്മിഷനുമെല്ലാം ഇടപെട്ടതോടെ പ്രത്യേക സംഘം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Also Read: പ്രണയ കിരീടം ചൂടി നോർവേ രാജകുമാരി
അന്ന് നടന്നത്…
ഫെബ്രുവരി 17-ന് രാത്രി കോഴിക്കോട് വടകരയ്ക്കു സമീപം ചോറോട് അമൃതാനന്ദമയീമഠം സ്റ്റോപ്പിലാണ് അപകടമുണ്ടായത്. രാത്രി ഒമ്പതുമണിയോടെ ചോറോടിലെ ബന്ധുവീട്ടിലേക്ക് പോകാനായി ബസ്സിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് ഒരു വെള്ളനിറത്തിലുള്ള കാർ ഇരുവരെയും ഇടിച്ചുവീഴ്ത്തിയത്. ഇടിച്ചിട്ട കാർ നിർത്താതെ പോയി.
എന്നാൽ, ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ബേബി മരിച്ചു. ഗുരുതരമായി പരിക്കേറ്റ ദൃഷാന അബോധാവസ്ഥയിൽ ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കണ്ണൂർ മേലെചൊവ്വ വടക്കൻ കോവിൽ സുധീറിന്റെയും സ്മിതയുടെയും മകളാണ് ദൃഷാന. അതേസമയം അപകടമുണ്ടാക്കിയ ഇരട്ടദുരന്തത്തിന്റെ വേദനയിൽനിന്ന് ഇനിയും മുക്തമായിട്ടില്ല ആ കുടുംബം. കാർ കണ്ടെത്താൻ കഴിയാത്തതുകൊണ്ടുതന്നെ അപകട ഇൻഷുറൻസ് തുക കിട്ടാനുള്ള സാധ്യതയുമില്ല.
Also Read: അമ്മയെ ശ്വാസം മുട്ടിച്ച് കൊന്നു; മാപ്പ് ചോദിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്
ഇടിച്ചിട്ടത് വെള്ള സ്വിഫ്റ്റ് കാർ?
അപകടം നടന്നശേഷം പോലീസ് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചിരുന്നെങ്കിലും തെളിവൊന്നും കിട്ടിയില്ല. പിന്നീട് അന്വേഷണം ഇഴഞ്ഞു. ഇതോടെ ബന്ധുക്കൾ മുഖ്യമന്ത്രി ഉൾപ്പെടെയുളളവർക്ക് പരാതി നൽകി. അതിന് ശേഷം ഇപ്പോഴാണ് വീണ്ടും അന്വേഷണം ഊർജിതമായത്. വെളുത്ത കാറാണെന്ന് മാത്രമറിയാം. ചില ദൃശ്യങ്ങൾ പരിശോധിച്ചതിൽ സ്വിഫ്റ്റ് കാറാണെന്നും സംശയമുണ്ട്.
നിലവിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ജി. ബാലചന്ദ്രന്റെ നേതൃത്വത്തിലാണ് ഇപ്പോൾ അന്വേഷണം. കാറിന്റെ മുൻവശത്ത് കേടുപാടുണ്ടാകാൻ സാധ്യതയുള്ളതിനാൽ അപകടം നടന്നതിനു ശേഷമുള്ള ദിവസങ്ങളിൽ വർക്ക് ഷോപ്പ്, സ്പെയർ പാർട്‌സ് ഷോപ്പ്, സർവീസ് സെൻറർ എന്നിവിടങ്ങളിൽ ഇടിച്ചിട്ട വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് കാർ നന്നാക്കാൻ കൊണ്ടുവന്നിട്ടുണ്ടെങ്കിൽ അറിയിക്കണമെന്ന സന്ദേശം ക്രൈംബ്രാഞ്ച് പ്രചരിക്കുന്നുണ്ട്. അറിയിക്കേണ്ട നമ്പർ: 9497990120, 8086530022, 9947481919.
Also Read: എഡിജിപിക്കെതിരായ എസ്‍പിയുടെ ആരോപണം; വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിടും
കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ
വടകരയിൽ കാറപകടത്തിൽ മുത്തശ്ശി മരിക്കുകയും ഒൻപതുവയസ്സുള്ള കൊച്ചുമകൾ അബോധാവസ്ഥയിലാവുകയും ചെയ്ത സംഭവത്തിൽ ഇടിച്ച വാഹനം കണ്ടെത്താത്ത പോലീസിന്റെ പേരിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.
അതേസമയം ജില്ലാ പോലീസ് മേധാവി (കോഴിക്കോട് റൂറൽ) ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് നാലാഴ്ചയ്ക്കകം ഹാജരാക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നിലവിൽ കമ്മിഷൻ കേസെടുത്തത്.
Also Read: അമേരിക്കയുടെ അഭിമാനം റഷ്യൻ ആക്രമണത്തിൽ തവിടുപൊടി, ആയുധ വിപണിയെ ഉലച്ച ആക്രമണം
നാലുമാസംമുൻപാണ് ഈ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ഇടിച്ച കാർ കണ്ടെത്താനായില്ലെങ്കിൽ ഇൻഷുറൻസ് സഹായം കിട്ടില്ല. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫിസിക്കൽ മെഡിസിൻ റിഹാബിലിറ്റേഷൻ സെന്ററിലെ വരാന്തയിലാണ് ഇപ്പോൾ ദൃഷാനയുടെ കുടുംബം കഴിയുന്നത്.