CMDRF

ഒമാനില്‍ ഇനി മധുരമൂറും മുന്തിരിക്കാലം

ഒമാനില്‍ ഇനി മധുരമൂറും മുന്തിരിക്കാലം
ഒമാനില്‍ ഇനി മധുരമൂറും മുന്തിരിക്കാലം

മസ്‌കത്ത്: ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയാണ് ഒമാനില്‍ മുന്തരിക്കാലം. വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ വിവിധ വിലായത്തുകളില്‍ മുന്തിരി വിളവെടുപ്പിനു തുടക്കമായി, മേയ് പകുതിയോടെ ആരംഭിക്കുന്ന വിളവെടുപ്പ് സീസണ്‍ ജൂലൈ അവസാനം വരെ നീണ്ടുനില്‍ക്കും. സുല്‍ത്താനേറ്റിന്റെ നിരവധി വിലായത്തുകളില്‍ മുന്തിരി കൃഷി വ്യാപകമാണ്. ദോഫാര്‍, ദാഹിറ, ദാഖിലിയ, തെക്ക്-വടക്ക് ബാത്തിന, തെക്ക്-വടക്ക് ശര്‍ഖിയ എന്നീ ഗവര്‍ണറേറ്റുകളിലാണ് മുന്തിരി കൃഷിയുള്ളതെന്ന് വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ കൃഷി, ജലവിഭവ ഡയറക്ടറേറ്റിലെ കാര്‍ഷിക വികസന വകുപ്പ് ഡയറക്ടര്‍ ഡോ. ഖാഇസ് ബിന്‍ സെയ്ഫ് അല്‍ മാവാലി പറഞ്ഞു. ഒമാനില്‍ ഏകദേശം 200 ഏക്കറിലാണ് മുന്തിരി കൃഷി ചെയ്യുന്നത്. 1,000 ടണ്‍ മുന്തിരി ഇതിലൂടെ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇത് പ്രാദേശിക ഉപഭോഗത്തിന്റെ 4.2 ശതമാനം മാത്രം. പ്രതിവര്‍ഷം 24,000 ടണ്‍ ഉല്‍പാദനത്തിലൂടെ 15 ലക്ഷം റിയാല്‍ സാമ്പത്തിക നേട്ടവും ഉണ്ടാക്കുന്നുണ്ട്. രാജ്യത്തുടനീളം മുന്തിരി കൃഷി വികസിപ്പിക്കുന്നതിന് കാര്‍ഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം പ്രത്യേക ശ്രദ്ധയാണ് നല്‍കി വരുന്നത്.

വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ഇബ്ര വിലായത്തില്‍ 100 ഏക്കറി ല്‍ 10 മാതൃക മുന്തിരി ഫാമുകള്‍ സ്ഥാപിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്. അഗ്രികള്‍ച്ചറല്‍ ആന്‍ഡ് ഫിഷറീസ് ഡെവലപ്‌മെന്റ് ഫണ്ട് ഉപയോഗിച്ച് സുല്‍ത്താനേറ്റില്‍ മുന്തിരി കൃഷിയും ഉല്‍പാദനവും വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്കു പുറമെയാണിത്. ദാഖിലിയ, വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റുകളില്‍ മുന്തിരിക്കായി രണ്ട് ജീന്‍ ബാങ്കുകള്‍ സ്ഥാപിക്കുന്നതിനൊപ്പം വിവിധ ഗവര്‍ണറേറ്റുകളില്‍ 25 ഏക്കര്‍ വിസ്തൃതിയില്‍ 25 മുന്തിരി ഫാമുകള്‍ ഒരുക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ടെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ മുന്തിരി കൃഷിയുടെ ആകെ വിസ്ത്യതി 27 ഏക്കറാണ്. മുദൈബി വിലായത്തിലെ സമദ് അല്‍ ഷാന്‍ നിയാബത്തിലെ അല്‍ റൗദ ഗ്രാമമാണ് ഗവര്‍ണറേറ്റിലെ ഏറ്റവും വലിയ മുന്തിരി കൃഷിയിടം. കഴിഞ്ഞ വര്‍ഷം ഇവിടെ 10 ഏക്കറില്‍ ആയിരുന്നു കൃഷി. 2012ല്‍ എട്ട് ഏക്കറിലായിരുന്നു കൃഷി ചെയ്തത്. എന്നാല്‍, ഈ സീസണിലില്‍ 27 ഏക്കറായി ഉയരുകയും ചെയ്തിട്ടുണ്ട്.

വേനല്‍കാലത്ത് വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതാണ് ഒമാനിലെ മുന്തിരത്തോട്ടങ്ങള്‍. കടും ചൂട് കാരണം മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം തിരക്കൊഴിഞ്ഞ് കിടക്കുമ്പോള്‍ മുദൈബിയിലെ അല്‍ റൗദ, റുസ്താഖിലെ വക്കാന്‍ എന്നീ ഗ്രാമങ്ങളില്‍ ധാരാളം പേരാണ് മുന്തിരിത്തോട്ടങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്നത്. കടും ചൂടില്‍ ചുവപ്പിലും കറുപ്പിലും ഇളംപച്ച നിറത്തിലും തൂങ്ങി ആടുന്ന മുന്തിരിക്കുലകള്‍ കാണാന്‍ നിരവധിപേര്‍ എത്താറുണ്ട്. കടും ചൂടിലും തണുപ്പ് കാലാവസ്ഥയാണ് വക്കാന്‍ ഗ്രാമത്തില്‍ അനുഭവപ്പെടുന്നത്. ഇതോടെ വക്കാന്‍ ഗ്രാമത്തിലും സന്ദര്‍ശക തിരക്ക് അനുഭവപ്പെട്ട് തുടങ്ങി. വക്കാന്‍ വില്ലേജിലേക്കുള്ള യാത്ര ഏറെ ദുര്‍ഘടമാണ്. 1100 മീറ്ററോളം വരുന്ന കല്ലും മണ്ണും നിറഞ്ഞ മലനിരകള്‍ താണ്ടിയും 700 ലധികം പടവുകള്‍ കയറിയുമാണ് സന്ദര്‍ശകര്‍ മുന്തിരിത്തോട്ടങ്ങളിലെത്തുന്നത്.

ഇവിടെ മുന്തിരിതോട്ടങ്ങള്‍ ആസ്വദിക്കുന്നതോടൊപ്പം തോട്ടങ്ങളില്‍നിന്ന് പറിച്ചെടുക്കുന്ന മധുരമേറിയ മുന്തിരി വാങ്ങാനും ലഭിക്കും. ഒമാനില്‍ 24 ഇനം മുന്തിരികളാണുള്ളത്. മുന്തിരി കൃഷിക്ക് പരമ്പരാഗത ജലസേചന പദ്ധതിയായ ഫലജു കളിലെയും കിണറുകളിലെയും വെള്ളമാണ് ഉപയോഗിക്കുന്നത്. ജനുവരി ഫെബ്രുവരി മാസങ്ങളിലാണ് മുന്തിരിത്തൈകള്‍ വളര്‍ത്തുന്നത്. പിന്നീട് ഇത് തോട്ടങ്ങളിലേക്കു മാറ്റുകയാണ് ചെയ്യുന്നത്. തോട്ടങ്ങളില്‍ വരിയായാണ് മുന്തിരി തൈകള്‍ വളര്‍ത്തുന്നത്. രണ്ട് തൈകള്‍ക്കിടയില്‍ മൂന്ന് മീറ്റര്‍ അകലമുണ്ടായിരിക്കും. ഒമാനില്‍ ഏറ്റവും കൂടുതല്‍ മുന്തിരി ഉല്‍പാദി പ്പിക്കുന്നത് മുദൈബി വിലായത്തിലെ അല്‍ റൗദയിലാണ്. എട്ട് ഏക്കര്‍ സ്ഥലത്താണ് കൃഷി ഇറക്കുന്നത്. ഇവിടെനിന്ന് മാത്രം 60 ടണ്‍ മുന്തിരിയാണ് ഉല്‍പാദിപ്പിക്കുന്നത്. ഈ ഗ്രാമത്തിലെ ജനങ്ങളുടെ പ്രധന വരുമാന മാര്‍ഗം മുന്തിരി കൃഷിയാണ്. ഇവ കൃഷിയിടത്ത് നിന്ന് തന്നെ വില്‍പന നടത്താറുണ്ട്. കൂടാതെ മുദൈബി മാര്‍ക്കറ്റിലും ഒമാനിലെ മറ്റ് ഭാഗങ്ങളിലേക്കും മുന്തിരി എത്തിക്കുന്നുണ്ട്. മുന്തിരി കൃഷി വ്യാപിക്കുന്നതിനും വികസിപ്പിക്കുന്നതിനും കാര്‍ഷിക മന്ത്രാലയം വന്‍ പിന്തുണയാണ് കൃഷിക്കാര്‍ക്ക് നല്‍കുന്നത്.

Top