കരിങ്കല്‍ ക്വാറിയിടിഞ്ഞ് വെള്ളം കുതിച്ചെത്തി വന്‍ അപകടം

കരിങ്കല്‍ ക്വാറിയിടിഞ്ഞ് വെള്ളം കുതിച്ചെത്തി വന്‍ അപകടം
കരിങ്കല്‍ ക്വാറിയിടിഞ്ഞ് വെള്ളം കുതിച്ചെത്തി വന്‍ അപകടം

കൂത്തുപറമ്പ്: വട്ടിപ്രത്ത് കരിങ്കല്‍ ക്വാറിയിടിഞ്ഞ് വന്‍ തോതില്‍ വെള്ളം കുതിച്ചെത്തി വന്‍ അപകടത്തില്‍ വീട്ടമ്മക്ക് ഗുരുതര പരിക്കേല്‍ക്കുകയും രണ്ട് വീടുകള്‍ പൂര്‍ണമായും തകരുകയും ചെയ്തു. ഏതാനും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മാവുള്ളകണ്ടി പറമ്പില്‍ മന്ദമ്പേത്ത് ബാബുവിന്റെയും നീലാഞ്ജനത്തില്‍ ടി. പ്രനീതിന്റെയും വീടുകളാണ് തകര്‍ന്നത്. അപകടത്തില്‍ സാരമായി പരിക്കേറ്റ ബാബുവിന്റെ ഭാര്യ ലീലയെ (45) കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ച അഞ്ചരയോടെയായിരുന്നു അപകടം. ബാബുവിന്റെ വീടിന് പിറകിലെ കൂറ്റന്‍ കരിങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ക്വാറിയിലുണ്ടായിരുന്ന വെള്ളം 40 അടിയോളം ഉയരത്തില്‍ ഉയര്‍ന്നുപൊങ്ങി സമീപത്തെ വീടുകളില്‍ പതിക്കുകയായിരുന്നു. ബാബുവിന്റെ വീട് പൂര്‍ണമായും തകര്‍ന്നു പശുവിനെ കറക്കുകയായിരുന്ന ബാബു ഓടിമാറിയതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.

150 മീറ്ററോളം അകലെയുള്ള പ്രനീതിന്റെ കോണ്‍ക്രീറ്റ് വീടിനു മുകളിലാണ് കൂറ്റന്‍ കല്ലുകളും മറ്റും പാതിച്ച് കോണ്‍ക്രീറ്റ് തകര്‍ന്ന് കല്ലുകള്‍ വീടിനുള്ളിലേക്ക് പതിക്കുകയായിയുന്നു. ശബ്ദം കേട്ട ഉടനെ പ്രനീത് ഭാര്യയെയും മക്കളെയും കൂട്ടി വീടിനു പുറത്തേക്ക് ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. പ്രനീതിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോ ടാക്‌സിയും സ്‌കൂട്ടറും തകര്‍ന്നു. വീടിന് പിറക് വശത്തെയും മുന്‍വശത്തെയും ഷീറ്റും തകര്‍ന്നിട്ടുണ്ട്. വാന്‍ തോതില്‍ വെള്ളവും മറ്റും ആര്‍ത്തലച്ചെത്തുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പ്രദേശത്തെ തെങ്ങുള്‍പ്പെടെ നിരവധി വൃക്ഷങ്ങള്‍ക്കും കാര്‍ഷികവിളകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അപകട ഭീഷണിയുടെ പശ്ചാത്തലത്തില്‍ 30 ഓളം കുടുംബങ്ങളെ വട്ടിപ്രം യു.പി സ്‌കൂളില്‍ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കൂത്തുപറമ്പ് ഫയര്‍ഫോഴ്സും പൊലീസും റവന്യൂ, പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, തഹസില്‍ദാര്‍ സി.പി. മണി, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഷീല, മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഗംഗാധരന്‍ എന്നിവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് രക്ഷാപ്രവര്‍ത്തനത്തിന് നേത്യത്വം നല്‍കിയത്.

Top